പ്രദർശനം കഴിഞ്ഞിട്ടും പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ച് ജോജുവിന് റീത്തു വെച്ച് കോണ്‍ഗ്രസ്.

പ്രദർശനം കഴിഞ്ഞിട്ടും പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ച് ജോജുവിന് റീത്തു വെച്ച് കോണ്‍ഗ്രസ്.
കൊച്ചി: നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
       ജോജുവിന്റെ കാർ അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് രണ്ട് കോൺഗ്രസ് പ്രവർത്തകർ കൂടി മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായി ഡിസിസി ഓഫീസിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
      നടൻ ജോജു ജോർജ് അഭിനയിച്ച സ്റ്റാർ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ഷേണായീസ് തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, പ്രദർശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റർ ഇവിടെ നിന്ന് നീക്കം ചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി എത്തിയത്. സാധാരണ തിയറ്റർ ജീവനക്കാരാണ് പോസ്റ്ററുകൾ ഒട്ടിക്കുകയും നീക്കം ചെയ്യുന്നതുമൊക്കെ. അത് അവർക്ക് സാധിക്കുമ്പോൾ ചെയ്യുമെന്നിരിക്കെ, ബാലിശമായ പ്രതിഷേധങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത് സമൂഹത്തിൽ അപഹാസ്യമാകുന്നുണ്ട്.
       ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗതക്കുരുക്കുണ്ടായതിൽ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാർ അടിച്ച് തകർത്തത്. ഈ കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികൾ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

Post a Comment

أحدث أقدم