ശമ്പള പരിഷ്കരണം : പ്രക്ഷോഭത്തിനൊരുങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ.
തിരു.: അര്‍ഹമായ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിലെ സര്‍ക്കാര്‍ അലംഭാവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അദ്ധ്യാപകര്‍ കെ.ജി.എം.സി.ടി.എ നേതൃത്വത്തില്‍ നവംബര്‍ ഒമ്പത് മുതല്‍ സമരത്തിലേക്ക്.
ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് പ്രതിഷേധജാഥയും ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും നടത്തും. രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ പ്രത്യക്ഷ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നാലു വര്‍ഷം വൈകി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശമ്പളപരിഷ്കരണം വന്നത്. എന്നാല്‍, ഇതുവരെ ഭൂരിഭാഗം അദ്ധ്യാപകര്‍ക്കും പുതുക്കിയ നിരക്കില്‍ ശമ്പള സ്ലിപ് പോലും നല്‍കിയിട്ടില്ല. പരിഷ്കരണത്തില്‍ വന്ന വിവിധ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
കോവിഡ് പരിചരണത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്ന ഡോക്ടര്‍മാരോടുള്ള വഞ്ചനയാണിതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്കറും പറഞ്ഞു. എന്‍ട്രി കേഡറിലുള്ള യുവഡോക്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ