വാടക ചോദിച്ചപ്പോൾ പീഡന പരാതി, വനിതാ എസ്ഐയുടെ തൊപ്പി തെറിച്ചു.
കോഴിക്കോട്: വാടക ചോദിച്ചതിന് വീട്ടുടമയുടെ ബന്ധുവിനെതിരെ വ്യാജ പീഡനപരാതി നല്‍കിയ വനിതാ എസ് ഐയുടെ തൊപ്പി തെറിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്ഐ. കെ. സുഗുണവല്ലിയെയാണ് അന്വേഷണത്തിനൊടുവില്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ നാലുമാസമായി സുഗുണവല്ലി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിഐ വിളിപ്പിച്ചെങ്കിലും സുഗുണവല്ലി എത്തിയില്ല. എന്നാല്‍ നാലു ദിവസം കഴിഞ്ഞ് വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി പന്നിയങ്കര സ്റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് കൈയില്‍ കയറി പിടിച്ചെന്നും വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നല്‍കിയ അഡ്വാന്‍സ് തുകയായ 70,000 രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി ലഭിച്ചതോടെ യുവാവിനെതിരെ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തു.
കേസിനെക്കുറിച്ചുള്ള തുടര്‍ അന്വേഷണത്തിലാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത്. വാടക കുടിശിക ചോദിച്ചതിനെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ പരാതി സുഗുണവല്ലി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എം. എം. സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചിരുന്നത്. സുഗുണവല്ലിക്കെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാവും.
إرسال تعليق