നർക്കോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെതിരെ കേസെടുത്തു.

നർക്കോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെതിരെ കേസെടുത്തു.
കോട്ടയം: കുറവിലങ്ങാട് പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ പോലീസ് കേസെടുത്തത്. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 24നാണ് ഓൾ ഇന്ത്യാ ഇമാം കൗൺസിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ പോലീസ് ഇക്കാര്യത്തിൽ കാര്യമായി നടപടിയെടുത്തിരുന്നില്ല. തുടർന്ന് കൗൺസിൽ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
      മതസ്പർദ്ധ വളർത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പല കോണിൽ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പരാമർശങ്ങൾ പിൻവലിക്കണമെന്ന ആവശ്യങ്ങളും നിരവധി കോണിൽ നിന്നുയർന്നിരുന്നു. അതേസമയം, അദ്ദേഹത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നായിരുന്നു ഇവരുടെ പ്രതികരണം.
     കേസിൽ നിയമനടപടികളുടമായി മുന്നോട്ട് പോകാനാണ് ഇമാം കൗൺസിലിന്റെ തീരുമാനം. എന്നാൽ, കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നാണ് പാലാ ബിഷപ്പ് ഹൗസ് അറിയിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم