സർക്കാരിൻ്റെ അശാസ്ത്രീയ നടപടികൾ; കോവിഡ് സാമ്പത്തിക പരാധീനത; യുവാവ് ജീവനൊടുക്കി.
കോട്ടയം: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കോവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം, കുറിച്ചിയിലെ ഹോട്ടൽ ഉടമയാണ് ഏറ്റവും ഒടുവിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. കുറച്ചി കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹൻ (42) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിന് സമീപത്തു വച്ച്, കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിൻ്റെ മരണം സംഭവിച്ചത്. വിവരം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ആർ. ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സരിൻ ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയുമായി ഹോട്ടലിനോട് ചേർന്നുള്ള വാടക വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ആറു മാസം മുൻപ് വരെ കുഴപ്പം ഇല്ലാതിരുന്ന ഹോട്ടൽ, രണ്ടാം ലോക് ഡൗണിൻ്റെ ഭാഗമായി അടച്ചതോടെ പ്രതിസന്ധിയിൽ ആവുകയായിരുന്നു. പാഴ്സൽ മാത്രമാണ് ഈ സമയം ഹോട്ടലിൽ നിന്നും വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കച്ചവടത്തിൽ വൻ ഇടിവുമുണ്ടായി. ഭാര്യ രാധു മോഹനും ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയും മറ്റൊരു പെൺകുട്ടിയും ആണ് സരിനുള്ളത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം ബാധ്യതയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സരിൻ ജീവനൊടുക്കിയത് എന്നാണ് സൂചന. കുറച്ചി ഔട്ട്പോസ്റ്റിന് സമീപം വിനായക എന്ന പേരിലാണ് സരിൻ ഹോട്ടൽ നടത്തിയിരുന്നത്. തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനങ്ങൾ അവതാളത്തിൽ ആയതിനെത്തുടർന്ന് മാസങ്ങളായി സരിൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
ഇന്ന് പുലർച്ചെയാണ് പോസ്റ്റിട്ടത് പുലർച്ചെ നാലുമണിയോടെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷമാണ് സരിൻ ജീവനൊടുക്കിയതെന്നാണ് സൂചന. ആറു മാസം മുൻപ് വരെ കുഴപ്പമില്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ, സർക്കാരാണ് പ്രതിസന്ധിയിലാക്കിയതെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണ്. സർക്കാർ എങ്ങനെയാണ് സാധാരണക്കാരനെ കടക്കെണിയിൽ ആക്കി, ജീവിതം നശിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഇതെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.
സരിൻ മോഹൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം :-
ആറു മാസം മുൻപ് വരെ കുഴപ്പം ഇല്ലാതിരുന്ന ഹോട്ടൽ ആയിരുന്നു എൻ്റേത്. അശാസ്ത്രീയമായ ലോക് ഡൗൺ തീരുമാനങ്ങളെല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി നിൽക്കാം, കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണാ പിടിക്കും. ബസ്സിൽ അടുത്തിരുന്നു യാത്ര ചെയ്യാം, ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിംഗ് മാളിൽ ഒരുമിച്ചു കൂടി നിൽക്കാം, കല്യാണങ്ങൾക്ക് നൂറ് പേർക്ക് ഒരുമിച്ച് കൂടി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല. രാഷ്ട്രീയപാർട്ടികൾക്ക് പൊതുയോഗങ്ങൾ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങളെല്ലാം. എല്ലാം മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലേഡ് കാരുടെ ഭീഷണി. ഇനി ആറ് വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാധ്യതകൾ. ഇനി നോക്കിയിട്ടും കാര്യമില്ല എന്റെ മരണത്തോടു കൂടി എങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്. എന്റെ മരണത്തിനുത്തരവാദി സർക്കാറാണ് ഇങ്ങനെ പോകുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ