അതിദരിദ്രരെ കണ്ടെത്താൻ സർവേ; വിവരശേഖരണ പരിശീലനം നാളെ മുതൽ.
കോട്ടയം: അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണ്ണമായി തുടച്ചു നീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയയ്ക്കായുള്ള മേഖലാതല പരിശീലനം നാളെ (ഒക്‌ടോബർ 8 വെള്ളിയാഴ്ച) ആരംഭിക്കും.
വിവര ശേഖരണത്തിനായി കോട്ടയം, ഇടുക്കി ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ള 56 റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ വെള്ളി (ഒക്ടോബർ എട്ട്), ശനി (ഒക്ടോബർ 9) ദിവസങ്ങളിൽ പാലാ ഓശാനാ മൗണ്ടിൽ നടക്കും. നാളെ (ഒക്‌ടോബർ 8 വെള്ളിയാഴ്ച) രാവിലെ ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
ആശ്രയ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടാതെ പോയവരെ സാമൂഹിക പങ്കാളിത്തത്തോടെ കണ്ടെത്തുകയും വരുമാനം ആർജ്ജിക്കുന്നതിനുള്ള പദ്ധതികൾ ഇവർക്കായി നടപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി ജില്ലാ നോഡൽ ഓഫീസർ പി. എസ്. ഷിനോ അറിയിച്ചു. അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാത്ത അതിദരിദ്രരുടെ ഉന്നമനത്തിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം. അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവര ശേഖരണമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ