ബാറ്റിംഗ് വെടിക്കെട്ട് തുണച്ചില്ല ഹൈദരാബാദിനെതിരെ ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്.

ബാറ്റിംഗ് വെടിക്കെട്ട് തുണച്ചില്ല ഹൈദരാബാദിനെതിരെ ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്.
അബുദാബി: സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചിട്ടും സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ 42 റണ്‍സിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 235 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് കുറിച്ചതോടെയാണ് മുംബൈടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.
    ഹൈദരാബാദിനെ 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമെ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളൂ. ഇതോടെ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. 
     സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 235-9, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 193-8. 
     സ്കോര്‍ ബോര്‍ഡില്‍ 235 റണ്‍സിന്‍റെ ആത്മവിശ്വാസത്തില്‍ പന്തെറിയാനെത്തിയ മുംബൈ ഇന്ത്യന്‍സിനെ പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും അഭിഷേക് ശര്‍മയും ചേര്‍ന്ന് പ്ലേ ഓഫിന് പുറത്തിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആറോവറില്‍ 70 റണ്‍സ് അടിച്ചപ്പോഴെ മുംബൈയുടെ വിധി കുറിക്കപ്പെട്ടിരുന്നു. 21 പന്തില്‍ 34 റണ്‍സെടുത്ത ജേസണ്‍ റോയിയെ മടക്കി ട്രെന്‍റ് ബോള്‍ട്ട് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിക്കുമ്പോഴേക്കും വൈകിപ്പോയിരുന്നു. അഭിഷേക് ശര്‍മ്മ 16 പന്തില്‍ 33 റണ്‍സടിച്ച് പുറത്തായി. കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ഹൈദരാബാദിനെ നയിച്ച മനീഷ് പാണ്ഡെ (41 പന്തില്‍ 69*) നടത്തിയ പോരാട്ടം ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചു. പ്രിയം ഗാര്‍ഗും (21 പന്തില്‍ 29) ഹൈദരാബാദിനായി തിളങ്ങി. മുംബൈക്കായി ബുമ്രയും  കോള്‍ട്ടര്‍ നൈലും നീഷാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
     നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് വമ്പന്‍ സ്കോര്‍ കുറിച്ചത്. 32 പന്തില്‍ 84 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 40 പന്തില്‍ 82 റണ്‍സടിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റെടുത്തു. പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എറിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച മുംബൈ, സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 18 റണ്‍സടിച്ചു. നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റണ്‍സ്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ 22 റണ്‍സടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അഞ്ച് റണ്‍സ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. പവര്‍ പ്ലേക്കു ശേഷവും അടി തുടര്‍ന്ന ഇഷാന്‍ എട്ടാം ഓവറില്‍ മുംബൈ സ്കോര്‍ 100 കടത്തി. ഇതിനിടെ രോഹിത് ശര്‍മ്മയേയും (18), ഹാര്‍ദ്ദിക് പാണ്ഡ്യയെയും (10) നഷ്ടമായെങ്കിലും ഇഷാന്‍ അടി തുടര്‍ന്നു. ഒടുവില്‍ പത്താം ഓവറില്‍ ഉമ്രാന്‍ മലിക്കിന്‍റെ പന്തില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പിടി കൊടുത്ത് ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84) മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു. 11 ഫോറും നാല് സിക്സും പറത്തിയാണ് ഇഷാന്‍ 84 റണ്‍സടിച്ചത്. മദ്ധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡും (12 പന്തില്‍ 13) കുർനാല്‍ പാണ്ഡ്യയും (9), ജിമ്മി നീഷാമും (0) നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് സ്കോറിംഗ് നിരക്ക് താഴാതെ കാത്ത സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) മുംബൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍ നാലും റാഷിദ് ഖാനും അഭിഷേക് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
      ഇന്ന് കളി ഇല്ല. നാളെ ഒന്നാം ക്വാളിഫിയർ നടക്കും. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈയും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റേഴ്‌സും തമ്മിലാണ് മത്സരം.

Post a Comment

വളരെ പുതിയ വളരെ പഴയ