അവസാന പന്തിൽ ഭാരതിന്റെ സിക്സർ ഫിനിഷിംഗ്. ഡൽഹിയെ തകർത്ത് ആർസിബി.



അവസാന പന്തിൽ ഭാരതിന്റെ സിക്സർ ഫിനിഷിംഗ്. ഡൽഹിയെ തകർത്ത് ആർസിബി.

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരം ഗംഭീരമാക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തില്‍ സിക്‌സറോടെ ജയത്തിലെത്തി. ഗ്ലെന്‍ മാക്‌സ്‌ വെല്ലിന്‍റെ  അര്‍ദ്ധ സെഞ്ചുറിയും ശ്രീകര്‍ ഭരതിന്‍റെ വെടിക്കെട്ട് ഫിനിഷിംഗുമാണ് ആര്‍സിബിയെ തുണച്ചത്. ജയിച്ചെങ്കിലും ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരും.
     മറുപടി ബാറ്റിംഗില്‍ ആര്‍സിബിയെ ഞെട്ടിച്ചാണ് ഡല്‍ഹി പേസര്‍ ആന്‍‌റിച്ച് നോര്‍ജെ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദേവ്‌ദത്ത് പടിക്കലിനെ ഗോള്‍ഡണ്‍ ഡക്കാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ നോര്‍ജെ വീണ്ടുമെത്തിയപ്പോള്‍ ആദ്യ പന്തില്‍ കോലി (8 പന്തില്‍ 4) അശ്വിന്‍റെ കൈകളിലെത്തി. പവര്‍പ്ലേയില്‍ 29 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് ഉണ്ടായിരുന്നത്. പവര്‍പ്ലേയ്‌ക്ക് ശേഷം ശ്രീകര്‍ ഭരതും എ. ബി. ഡിവില്ലിയേഴ്‌സും തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും എ.ബി.ഡി. വീണത് തിരിച്ചടിയായി. 26 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത മിസ്റ്റര്‍ 360യെ 10-ാം ഓവറില്‍ അക്‌സര്‍, ശ്രേയസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 15-ാം ഓവറിലാണ് ആര്‍സിബി 100 കടന്നത്. എന്നാല്‍ അടി തുടര്‍ന്ന ഭരത് 37 പന്തില്‍ ഫിഫ്റ്റി തികച്ചു. അവസാന രണ്ട് ഓവറിലെ 19 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ആര്‍സിബിയെ മാക്‌സ്‌വെല്ലും ഭരതും ചേര്‍ന്ന് അനായാസം എത്തിച്ചു. ഇതിനിടെ മാക്‌സ്‌വെല്‍ 32 പന്തില്‍ ഫിഫ്റ്റി തികച്ചു. പോരാട്ടം അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ ആവേഷിന്‍റെ അവസാന പന്ത് സിക്‌സര്‍ പറത്തി ഭരത് ആര്‍സിബിയെ ജയിപ്പിച്ചു. ഭരത് 52 പന്തില്‍ 78 റണ്‍സും മാക്‌സ്‌വെല്‍ 33 പന്തില്‍ 51 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 
      ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലെത്തിയില്ല. ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സാണെടുത്തത്. 48 റണ്‍സ് എടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഷിമ്രോന്‍ ഹെറ്റ്‌മയറുടെ ബാറ്റിംഗ് നിര്‍ണ്ണായകമായി. എങ്കിലും അവസാന 30 പന്തില്‍ 36 റണ്‍സേ പിറന്നുള്ളൂ. ഇതാണ് ടീമിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നകറ്റിയത്. സ്വപ്‌ന തുടക്കമാണ് ശിഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 55 റണ്‍സ് ചേര്‍ത്ത ഇരുവരും 10 ഓവറില്‍ ടീമിനെ 88 റണ്‍സിൽ എത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷാല്‍ പട്ടേലാണ് ആര്‍സിബിക്ക് ബ്രേക്ക്‌ത്രൂ നല്‍കിയത്. 35 പന്തില്‍ 43 റണ്‍സെടുത്ത ധവാന്‍ സ്ലോ ബോളില്‍ ക്രിസ്റ്റ്യന്‍റെ കൈകളിൽ എത്തി. റണ്ണുയര്‍ത്താന്‍ ലക്ഷ്യമിട്ട് നായകന്‍ ഋഷദ് പന്ത് തന്നെ വണ്‍ ഡൗണായെത്തി. ചഹല്‍ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി പൃഥ്വി ഷാ ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷായെ (31 പന്തില്‍ 48) ഗാര്‍ട്ടണിന്‍റെ കൈകളിലാക്കി ചഹല്‍ പകരം വീട്ടി. സ്ഥാനക്കയറ്റം കിട്ടിയ ഋഷഭിന് ഇന്നിംഗ്‌സ് നിരാശയായി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത താരത്തെ 13-ാം ഓവറില്‍ ക്രിസ്റ്റ്യന്‍ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു. ഇതിനു ശേഷം ശ്രേയസ് അയ്യര്‍-ഷിമ്രോന്‍ ഹെറ്റ്‌മയര്‍ സഖ്യം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത അയ്യരെ 18-ാം ഓവറില്‍ സിറാജ് പുറത്താക്കിയത് നിര്‍ണ്ണായകമായി. പിന്നീട് ടീമിന്‍റെ ഭാരം ഒറ്റയ്‌ക്ക് തോളിലേറ്റേണ്ടി വന്ന ഹെറ്റ്‌മയറെ (21 പന്തില്‍ 29) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിറാജ് മടക്കിയപ്പോള്‍ റിപാല്‍ പട്ടേല്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 
     ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്.
      ഇന്ന് കളി ഇല്ല. നാളെ ഒന്നാം ക്വാളിഫിയർ നടക്കും. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈയും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റേഴ്‌സും തമ്മിലാണ് മത്സരം.



Post a Comment

വളരെ പുതിയ വളരെ പഴയ