കെപിസിസി ഭാരവാഹി പട്ടിക നാളെ; വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കും: താരിഖ് അന്‍വര്‍.
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. ഇന്നു രാത്രിയോടെ അന്തിമ ഭാരവാഹി പട്ടിക തയ്യാറാകുമെന്നും ഞായറാഴ്ചയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെപിസിസി, പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു. ഡിസിസി പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി. പി. സജീന്ദ്രനേയും വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ, സുമ ബാലകൃഷ്ണൻ എന്നിവരും പരിഗണനയിലുണ്ടെണ് സൂചന.
ജംബോ പട്ടിക ഉണ്ടാകില്ലെന്ന് തീരുമാനമെടുത്തിരുന്നതിനാൽ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറക്കുക. നിലവിൽ എംഎൽഎ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. അതേസമയം ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ ചിലർക്ക് ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ സൂചന നൽകുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ