കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് മന്ത്രി വി. എൻ. വാസവൻ.
കോട്ടയം: ജില്ലയിൽ കനത്ത മഴയിലും ഉരുൾ പൊട്ടലിലും കാണാതായ ലിസ്റ്റിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
കൂട്ടിക്കൽ, കാവാലി, ഏന്തയാർ, പ്ലാപ്പള്ളി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് 12 പേരും കാഞ്ഞിരപ്പള്ളി പട്ടി മറ്റത്ത് ഒരാളെയുമായാണ് കാണാതായത്.
ഇവർ 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചു. ആർമി, എൻഡിആർഎഫ്, വ്യോമസേന എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്ക് വഹിച്ചു. മരണനിരക്ക് കുറക്കാൻ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും. ഉരുൾ പൊട്ടലിന്റെ ഒഴുക്കിൽ കാപ്പിക്കമ്പിൽ പിടിച്ചു കിടന്ന രക്ഷപ്പെട്ട 11 കാരൻ ജിബിൻ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ട്ടപരിഹാരവും നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട വീടുകളിൽ ഒന്നും ബാക്കിയില്ല. ഉടുതുണി ഒഴിച്ച് സർവ്വതും നഷ്ട്ടപ്പെട്ടു. വീടുകൾ വാസയോഗ്യമാക്കണമെങ്കിൽ കഠിന പ്രയത്നം തന്നെ വേണ്ടി വരും.
ചിലയിടത്ത് വീടുകൾ പൂർണ്ണമായും ഒലിച്ചു പോയിട്ടുണ്ട്. ഇവരുടെ പുനരധിവസിപ്പിക്കേണ്ടതുമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ