മന്ത്രി റിയാസിനു വേണ്ടി കൃത്രിമ പ്രതിച്ഛായാ നിര്‍മ്മിതി നടക്കുന്നു:
ജി. ദേവരാജന്‍.
കൊല്ലം: കേരളത്തിലെ മന്ത്രിമാരുടെ കൂട്ടത്തില്‍ മുഹമ്മദ് റിയാസാണ് കൂടുതല്‍ കാര്യപ്രാപ്തിയുള്ളതും അഴിമതി വിരുദ്ധനുമായ മന്ത്രിയെന്ന പ്രതിച്ഛായാ നിര്‍മ്മിതിയ്ക്കു വേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം നടത്തുന്ന പി ആര്‍ വര്‍ക്കിന്‍റെ ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.
സിപിഎമ്മിന്‍റെ നിയമസഭാകക്ഷി യോഗത്തില്‍ ഉയര്‍ന്നു വന്നൂവെന്നു പറയുന്ന ഒരു വിമര്‍ശനത്തെ ബോധപൂര്‍വ്വം പരസ്യപ്പെടുത്തുകയും അതില്‍ മന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് പാര്‍ട്ടി നേതാക്കന്മാരും ചില മുന്‍ മന്ത്രിമാരും രംഗത്ത് വരികയും ഒടുവില്‍ മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്തത് സ്വാഭാവികമല്ല. മുന്‍കൂട്ടി നിശ്ചയിച്ച ഒരു തിരക്കഥയ്ക്കനുസരിച്ചാണ്. ചില ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള ഈ പ്രതിച്ഛായ നിര്‍മ്മിതി നടക്കുന്നത്.
കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. സമുച്ചയം തുച്ഛമായ നിരക്കില്‍ 30 വര്‍ഷത്തേക്ക് സ്വന്തം പാര്‍ശ്വവര്‍ത്തിക്ക് പാട്ടക്കരാര്‍ നല്‍കിയതിനെ ധനവകുപ്പ് എതിര്‍ത്തിട്ടും മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജണ്ടയായി കൊണ്ടുവന്ന് അംഗീകരിപ്പിച്ചതിനു പിന്നില്‍ മന്ത്രി റിയാസിന്‍റെ പങ്ക് പകല്‍ പോലെ വ്യക്തമായതാണ്. ഒരു ചതുരശ്രയടിക്ക് 175 രൂപയോളം വാടക ലഭിക്കുന്ന തിരക്കുള്ള സ്ഥലത്ത് കേവലം 13 രൂപയ്ക്കാണു ഇപ്പോള്‍ മന്ത്രി ഇടപെട്ട് കരാര്‍ നല്‍കിയിട്ടുള്ളത്. കരാറുകാരോടുള്ള മന്ത്രിയുടെ സമീപനം ഇതില്‍ നിന്നും വ്യക്തമാണ്. എസ്.എന്‍.സി ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍റെ പങ്കു പ്രസിദ്ധീകരിച്ച മാധ്യമത്തിന്‍റെ ആഫീസ് അടിച്ചു തകര്‍ത്തതിനു നേതൃത്വം നല്‍കിയ റിയാസിന്‍റെ അഴിമതി വിരുദ്ധ മുഖം കേരളം മുമ്പേ കണ്ടതുമാണ്. പി.ആര്‍ വര്‍ക്കിലൂടെ കൃത്രിമ പ്രതിച്ഛായ (ആര്‍ട്ടിഫിഷ്യല്‍ ഇമേജ് ബില്‍ഡിംഗ്) നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കേരളാ സിപിഎമ്മിലെ ഉള്‍പ്പോരുകളുടെ പ്രതിഫലനമാണെന്നും ദേവരാജന്‍ ആരോപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ