കോട്ടയം കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്
ഇന്ന് രാവിലെ വീണ്ടും ഗുണ്ടാ ആക്രമണം
ഇന്നലെ ഉച്ചയോടെ കോട്ടയം നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പോലീസിനെ വരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഗുണ്ടാനേതാവ് അലോട്ടി ആണ് നഗരത്തിൽ അഴിഞ്ഞാടിയത്. പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു അലോട്ടിയുടെ വിളയാട്ടം.
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രയിൽ അലോട്ടി എന്ന ജയ്സ് മോൻ ജേക്കബ് ആണ് പോലീസിനെ ആക്രമിച്ചത്. കാപ്പാ കേസ് ചുമത്തി നാടുകടത്തിയ ജയിസ് മോൻ ജേക്കബിനെ (അലോട്ടി) ഇന്ന് ഉച്ചയോടെയാണ് കോട്ടയത്ത് എത്തിച്ചത്. കാപ്പാ വകുപ്പ് ചുമത്തി നാട് കടത്തിയതിനാൽ കേസിൽ പ്രതിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു അലോട്ടി.
കോട്ടയം സബ് ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഇയാൾ ജയിൽ വകുപ്പിന് മുന്നിൽ വെച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ജയിൽ വകുപ്പ് ഇയാളെ കോട്ടയത്തെ സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. ഈ ഉത്തരവ് പരിഗണിച്ച് പൊലീസ് അകമ്പടിയോടെ ഇയാളെ കോട്ടയത്ത് ബസിൽ എത്തിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ മുതൽ അലോട്ടിയുടെ സംഘാംഗങ്ങൾ പോലീസ് സംഘത്തെ പിന്തുടർന്നു. അതിനിടെ അലോട്ടി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. സമീപത്ത് ജയിൽ ഉള്ളതിനാൽ പുറത്തു നിന്ന് വെള്ളം കുടിക്കണമെന്ന ആവശ്യം പൊലീസ് നിരസിച്ചതായാണ് വിവരം. ഇതോടെ അലോട്ടി പ്രകോപനത്തോടെ പെരുമാറി. പൊലീസിനോട് തട്ടിക്കയറിയ ഇയാൾ സ്ഥലത്തുണ്ടായിരുന്ന സംഘങ്ങളുടെ പിൻബലത്തോടെ ബഹളം വെച്ചു. തുടർന്ന് ഡ്യൂട്ടി പോലീസിനെ മർദ്ദിച്ചതായാണ് വിവരം. സ്ഥിതി വഷളാകുമെന്ന് ഉറപ്പായതോടെ ഒപ്പം എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
കോട്ടയം നഗരത്തിൽ ഗുണ്ടാ ആക്രമണം
കോട്ടയം നഗരമധ്യത്തിൽ ഇന്ന് രാവിലെ നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സാൻ ജോസഫ് അമീർഖാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ