കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കോട്ടയം: അയ്മനം പഞ്ചായത്തിൽ 2014 ഓഗസ്റ്റ് 7 ന് ആരംഭിച്ച 4000 ഉപഭോക്താക്കളുള്ള ജലനിധി കുടിവെള്ള പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് തടസമില്ലാതെ ജലവിതരണം നടത്തുവാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ജലനിധി നടത്തുന്നത് ട്രയൽ റൺ ആണെന്നും എല്ലാ പ്രദേശത്തും പൂർണ്ണമായി വെള്ളം എത്തിച്ചതിനു ശേഷം മാത്രമേ വെള്ളക്കരം പിരിക്കുകയുള്ളു എന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പൈപ്പ് ഇടാൻ റോഡ് കുഴിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിക്കാൻ കാലതാമസം ഉണ്ടായതാണ് പദ്ധതി വൈകിപ്പിച്ചത്. രണ്ട് പ്രളയങ്ങൾ പദ്ധതിയെ താറുമാറാക്കി. നിലവിൽ 2500 ഓളം കണക്ഷനുകൾ പൂർത്തിയാക്കി. പഞ്ചായത്തിലെ ഒരു മേഖല ഉപ്പുവെള്ളം കയറുന്നതായതിനാൽ മുഴുവൻ വീടുകൾക്കും കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ളം പൂർണ്ണതോതിൽ ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് പരാതിക്കാരനായ കെ. രാജേന്ദ്രൻ നായർ കമ്മീഷനെ അറിയിച്ചു.
അതേ സമയം, കുടയംപടി - പരിപ്പ് റോഡ് പണിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കലുങ്കുകളുടെയും മറ്റും പണി നടക്കുന്നുണ്ട്. അവിടങ്ങളിൽ ജലനിധിയുടെയും വാട്ടർ അതോറിറ്റിയുടെയും കുടിവെള്ള പൈപ്പുകൾ മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട്. ഇതും പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലവിതരണം തടസ്സപ്പെടാൻ കാരണമായി.
إرسال تعليق