ധനസഹായ വിതരണം ഊർജ്ജിതമാക്കണം; കലക്ടർമാർക്ക്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ധനസഹായ വിതരണം ഊർജ്ജിതമാക്കണം; കലക്ടർമാർക്ക്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശം.
തിരു.: മഴക്കെടുതിയെ തുടർന്നുള്ള ധനസഹായവിതരണം ഊർജ്ജിതമാക്കാൻ കലക്ടർമാരോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത യോഗത്തിലാണ് നിർദ്ദേശം. കൃഷിനാശത്തിന്റെ വിശദവിവരം ലഭ്യമാക്കണം. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതത് സമയം ഇടപെടൽ ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടാം.
       കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലടക്കം രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജൻസികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നതായി യോഗം വിലയിരുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും മാറ്റി പാർപ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങൾ വിടരുത്. ബുധൻ മുതൽ മൂന്നു ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. തുലാവർഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാൽ, തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 84 ശതമാനം മഴയും ഒക്ടോബറിലെ ആദ്യ 17 ദിവസത്തിൽ ലഭിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷം ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ