59 മണിക്കൂർ പ്രിയങ്കയെ കസ്റ്റഡിയിൽ വച്ചത് നിയമവിരുദ്ധം: പി. സി. തോമസ്.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കോടതിയിൽ ഹാജരാക്കാതെ 59 മണിക്കൂർ കസ്റ്റഡിയിൽ വെച്ചത് നിയമ വിരുദ്ധമാണെന്നും, രാജ്യത്തോടും നിയമവാഴ്ചയോടും, യു.പി. മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരും ഉത്തരം പറയേണ്ടി വരുമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
അറസ്റ്റ് ചെയ്ത രീതി തന്നെ പൂർണ്ണമായും നിയമവിരുദ്ധമാണ്. ആദ്യം അറസ്റ്റ് രേഖപ്പെടുത്താതെ, 30 മണിക്കൂറിനു ശേഷം പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ, അറസ്റ്റ് ചെയ്തതായി വരുത്തുകയാണ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ 59 മണിക്കൂർ കസ്റ്റഡിയിൽ നിർത്തിയത് കോടതിയിൽ ഹാജരാക്കാൻ മിനക്കെടാതെയാണ് - തോമസ് പറഞ്ഞു.
പ്രിയങ്കാ ഗാന്ധി പുറത്തു വിട്ട വീഡിയോ സർക്കാറുകളെ വെട്ടിലാക്കി. കർഷകർക്കു നേരെ സർക്കാർ സഹായത്തോടെ വാഹനങ്ങൾ കയറ്റുന്നത് വ്യക്തമായി അതിൽ കാണാൻ കഴിയുന്നുണ്ട്. അതുപോലെ കേന്ദ്ര മന്ത്രിയുടെ മകൻ സംഭവത്തിൽ ഉൾപ്പെട്ടു എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാർത്തകൾ ഒക്കെ തടയുന്നതിനും, രാഷ്ട്രീയ നേതാക്കളോ കർഷക നേതാക്കളോ സംഭവസ്ഥലത്തിന് അടുത്തെങ്ങും ചെല്ലുന്നത് തടയുന്നതിനും, യുപി സർക്കാർ വലിയ രീതിയിൽ ശ്രമം നടത്തി.
കർഷകരെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി പുറത്തു വന്നതോടെ, നിൽക്കക്കള്ളിയില്ലാതെ യു.പി. സർക്കാരും, കേന്ദ്ര സർക്കാരും രാഹുലിനും പ്രിയങ്കയ്ക്കും, സ്ഥലം സന്ദർശിക്കാം എന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു. രാജ്യ വ്യാപകമായ വ൯ എതിർപ്പ് ഭയപ്പെട്ടും, താമസിയാതെ വരാൻ പോകുന്ന യു.പി. അസംബ്ലി തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടേണ്ടി വരും, എന്ന കാര്യം ബോധ്യപ്പെട്ടു കൊണ്ടുമാണ്, കീഴടങ്ങി മാറി ചിന്തിക്കാൻ തുടങ്ങിയതെന്നും തോമസ് കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ