മഴക്കെടുതി ; 27 കോടിയുടെ കൃഷിനാശം.
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 20 ദിവസത്തിനിടെ 27.02 കോടിയുടെ കൃഷിനാശമുണ്ടായതായി റിപ്പോർട്ട്. കൃഷിവകുപ്പിന്റെ പ്രാഥമിക വിവരശേഖരണത്തിലെ കണക്കാണിത്. 14,033 കർഷകരാണ് മഴക്കെടുതിക്ക് ഇരയായത്. നെല്ലും വാഴയും കപ്പയുമടക്കം 2,769.37 ഹെക്ടറിലെ കൃഷിനശിച്ചു. ഈ മാസം ഒന്നുമുതൽ 20 വരെയുള്ള കണക്കാണിത്.
ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷി നശിച്ചതും ദുരിതം ബാധിച്ചതും ചെങ്ങന്നൂർ കാർഷിക ബ്ലോക്ക് പരിധിയിലാണ്. 11.48 കോടി രൂപയുടെ നാശമാണുണ്ടായത്. 3,719 കർഷകരെയാണ് മഴക്കെടുതി ബാധിച്ചത്. നഷ്ടപരിഹാരത്തിനു കർഷകർ ഓൺ ലൈനായി അപേക്ഷിച്ച ശേഷമേ കൃത്യമായ കണക്കു ലഭിക്കൂ.
വാഴയ്ക്കും നെല്ലിനും വൻനാശം
മഴക്കെടുതിയിൽ വാഴ, നെൽ കൃഷികൾക്ക് വൻനാശം. വാഴക്കർഷകർക്കാണ് വലിയ തിരിച്ചടിയായത്. 1594.72 ഹെക്ടറിലായി 13.40 കോടിയുടെ നഷ്ടമാണുണ്ടായത്. രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയ സമയത്താണ് നെൽക്കർഷകർക്ക് ഇരുട്ടടിയായി മഴയും വെള്ളപ്പൊക്കവും വന്നത്. 679.93 ഹെക്ടറിലെ കൃഷിക്കു നാശംസംഭവിച്ചു. തെങ്ങ്, പച്ചക്കറി കർഷകർക്കും വലിയ തിരിച്ചടിയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ