തൃശൂർ ∙ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ കണ്ടെത്തിയ ശബരിമലയുടെ ഭരണാധികാരം സംബന്ധിച്ച ചെമ്പോല കൈമാറിവന്ന കണ്ണികളിലൊന്ന് കൂടി തെളിയുന്നു. 20 വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് നടന്ന പ്രദര്‍ശനത്തില്‍നിന്ന് കിട്ടിയതാണെന്ന് വെളിപ്പെടുത്തി മറ്റൊരു തൃശൂര്‍കാരന്‍ കൂടി രംഗത്തെത്തി. ചെമ്പോല വ്യാജമാണെന്ന പരാതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന തുടരുകയാണ്.
മോന്‍സണ്‍ മാവുങ്കലിന് ചെമ്പോല കിട്ടിയത് സന്തോഷ്കുമാറിന്റെ പക്കല്‍ നിന്നായിരുന്നു. തൃശൂര്‍ വെളിയന്നൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണ മേനോന്‍ കൈമാറിയതാണെന്നായിരുന്നു സന്തോഷ്കുമാര്‍ പറഞ്ഞത്. ഗോപാലകൃഷ്ണ മേനോന് ചെമ്പോല കിട്ടിയതാകട്ടെ തൃശൂര്‍ പ്ലാക്കാട്ട് ലെയിന്‍ സ്വദേശി ജെയിംസ് എടക്കളത്തൂരിന്റെ പക്കല്‍ നിന്നായിരുന്നു.
1990ല്‍ തപാല്‍ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ സ്റ്റാംപ്, നാണയ പ്രദര്‍ശനത്തില്‍നിന്ന് കൈമാറി കിട്ടിയതാണ് ഈ ചെമ്പോലയെന്ന് ജെയിംസ് പറയുന്നു. 2017ല്‍ ഈ ചെമ്പോല കേന്ദ്ര പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഉള്ളടക്കം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പിന്നീടൊന്നും പറഞ്ഞതുമില്ല. ചെമ്പോലയിലെ എഴുത്ത് വായിക്കാന്‍ ഏറെ പ്രയാസമുള്ളതാണെന്നും ജെയിംസ് പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ