ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കേന്ദ്ര സംവരണം, ഒബിസി പട്ടികയില്‍.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കേന്ദ്ര സംവരണം, ഒബിസി പട്ടികയില്‍.

ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമ്മീഷനുമായും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാബിനറ്റ് നോട്ട് തയാറാക്കിയത്. ഇനി മുതല്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണം ലഭിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ 'മൂന്നാം ലിംഗ'ക്കാരായി അംഗീകരിച്ചും അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിന്റെ നടപടി. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
       ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 25 പിന്നാക്ക വിഭാഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഒബിസി പട്ടികയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ പഠിക്കുന്ന ജസ്റ്റിസ് ജി. രോഹിണി കമ്മീഷന്റെ ശുപാര്‍ശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് സൂചന.

Post a Comment

വളരെ പുതിയ വളരെ പഴയ