ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം
ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തിൽ നിലനിന്നിരുന്ന സവർണ്ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ ഗുരുദേവൻ കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരുദേവൻ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുദേവന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനങ്ങളുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കർമ്മം കൊണ്ട് അഭിവൃദ്ധി നേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണ ഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി. രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപ്പു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, മഹാത്മാ അയ്യങ്കാളി തുടങ്ങി സമകാലീനരായ നിരവധി പേർ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമ്മപാതകളിലേക്ക് ഗുരുദേവൻ പകർന്ന ഊർജ്ജം സ്വീകരിക്കുകയും ചെയ്ത മഹദ് വ്യക്തികളാണ്.
ശ്രീ നാരായണ ഗുരുദേവൻ്റെ ദർശനങ്ങളെ ലോകം മുഴുവൻ ഇന്ന് വിശദമായി, ഇഴകീറി പഠിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഗുരുദേവൻ്റെ അർത്ഥസമ്പുഷ്ടമായ വാക്കുകളെ വളച്ചൊടിച്ചും പ്രസക്തഭാഗങ്ങളെ അടർത്തി മാറ്റിയും കാര്യയസാദ്ധ്യത്തിനായി ഉപയോഗിക്കുകയാണ് നമ്മുടെ നാട്ടിലെ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന ചില വിഭാഗങ്ങൾ. വിശ്വാസത്തെ മറ്റൊരു വിശ്വാസം കൊണ്ട് നേരിടുന്ന നമ്മുടെ നാട്ടിൽ ശ്രീനാരായണ ഗുരുദേവനെ കേവലമൊരു വിപ്ലവകാരിയുടെ കുപ്പായത്തിനുള്ളിലേയ്ക്ക് ഒതുക്കാൻ ശ്രമിക്കുകയാണ് അവർ. അത്തരം നീക്കങ്ങളെ നഖശിഖാന്തം എതിർക്കേണ്ടത് ശ്രീനാരായണ വിശ്വാസികളുടെ നിലനിൽപ്പിന് അനിവാര്യതയാവുകയാണ്.
ശ്രീ നാരായണ ഗുരുദേവ ദർശനങ്ങളെയും ശ്രീ നാരായണ പ്രസ്ഥാനങ്ങളെയും തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്ക് എതിരേയുള്ള ചെറുത്തുനിൽപ്പ് കൂടി ഇക്കാലയളവിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി എല്ലാവർക്കും നല്ല ബുദ്ധിയെ പ്രദാനം ചെയ്യട്ടെ, ലോക ഗുരുവായ ശ്രീ നാരായണ ഗുരുദേവനെന്ന് പ്രാർത്ഥിക്കുന്നു.
إرسال تعليق