ടൂറിസം, ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടം രാജ്യത്തിനു മാതൃക: കേന്ദ്രമന്ത്രി.

ടൂറിസം, ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടം രാജ്യത്തിനു മാതൃക: കേന്ദ്രമന്ത്രി.
കൊച്ചി: കോവിഡ് പ്രതിസന്ധിയിലും ഇന്ത്യയുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 400 ബില്യൻ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ്. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കൊച്ചിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന വാണിജ്യ സപ്താഹ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
      കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ എക്‌സ്‌പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എക്‌സ്‌പോര്‍ട്ട ഹബ്ബുകളായ ജില്ലകള്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സെപ്റ്റംബർ 26 വരെ വാണിജ്യ ഉത്സവിന്റെ കേരള പതിപ്പ് നടക്കുന്നത്.
       മികച്ച ഗതാഗത, കയറ്റുമതി സൗകര്യങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, വിദഗ്ധരും വിദ്യാസമ്പന്നരുമായ മനുഷ്യശേഷി, വന്‍തോതിലുള്ള സുഗന്ധവ്യഞ്ജനക്കൃഷി എന്നിവ കണക്കിലെടുക്കുമ്പോള്‍ വാണിജ്യ, വ്യവസായരംഗങ്ങളില്‍ കേരളത്തിനു മികച്ച സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം, ആരോഗ്യരക്ഷാ മേഖലകളിലുള്ള കേരളത്തിന്റെ നേട്ടങ്ങളും രാജ്യത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തുനിന്നുള്ള കയറ്റുമതിയുടേയും വിദേശ വാണിജ്യത്തിന്റേയും വളര്‍ച്ച ലക്ഷ്യമിട്ട് നടക്കുന്ന വാണിജ്യ ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാനത്തു നിന്നുള്ള പ്രമുഖ കയറ്റുമതി സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു. നേരിട്ട് പങ്കെടുത്തവര്‍ക്കു പുറമെ നൂറിലേറെപ്പേര്‍ ഓണ്‍ലൈനായും ചടങ്ങ് വീക്ഷിച്ചു. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പ്പാദന, സംസ്‌കരണ വ്യവസായങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ള സംഘടിത ശ്രമങ്ങളുണ്ടാകണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഹൈബി ഈഡൻ‍ എംപി പറഞ്ഞു. കൊച്ചിയിലെ പരിപാടി ഇന്നു സമാപിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ