അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ.

അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ.
കോട്ടയം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും അഞ്ചു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 
ജലജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു മന്ത്രി.
      2024നകം ഗ്രാമീണ മേഖലയിൽ പൂർണ്ണമായും ശുദ്ധജലം എത്തിക്കും. 2026 ഓടെ നഗര മേഖലയിൽ പൂർണ്ണമായി കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ജലജീവൻ മിഷൻ്റെ പദ്ധതികൾ ഇതിനായി പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
       സംസ്ഥാനത്തെ ഭൂഗർഭജല നിരപ്പ്  താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ജലക്ഷാമം ഉണ്ടായേക്കാം. മികച്ച കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്തിനാവശ്യം. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി സുഗമമായ ജലസേചനം സാധ്യമാക്കുന്ന വികസന പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ആവിഷ്കരിക്കുന്ന കെ. എം. മാണി ഊർജ്ജിത കാർഷിക ജലസേചന പദ്ധതി കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും. മൈക്രോ ഇറിഗേഷൻ പദ്ധതിയാണിത്. കൃഷി- സഹകരണ - വൈദ്യുത വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ സാധ്യമാക്കുന്നത്. ഇറിഗേഷൻ വകുപ്പിൻ്റെ കൈവശമുള്ള ഭൂമിയിൽ വിപുലമായ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.
      കേരളത്തിൽ ഒരു ഇറിഗേഷൻ മ്യൂസിയമുണ്ടാകേണ്ടതും പ്രാധാന്യത്തോടെ കാണണം. നമ്മുടെ നദികൾ, ഡാമുകൾ, പദ്ധതികൾ ഇവ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ മ്യൂസിയത്തിലുണ്ടാകണം.15 ഏക്കറോളം സ്ഥലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തോടു കൂടിയ ഒരു മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത് - മന്ത്രി പറഞ്ഞു.
     ഉഴവൂരിൽ 8.55 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 850  വീടുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴയാറിലെ വെള്ളം മേവെള്ളൂരിലെ പ്ലാൻ്റിൽ ശുദ്ധീകരിച്ചാണ് പൈപ്പുകളിലൂടെ വീടുകളിൽ ലഭ്യമാക്കുന്നത്. 
       ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജേണീസ് പി. സ്റ്റീഫൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്,   ജില്ലാ പഞ്ചായത്തംഗം പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി. എൻ. രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റിനി വിൽസൺ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ