'ഗുലാബ്' ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധ രാത്രിയോടെ തീരം തൊടും.

'ഗുലാബ്' ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധ രാത്രിയോടെ തീരം തൊടും.
തിരു.: വടക്കന്‍ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗുലാബ്' ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
     വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡീഷ തീരത്തു കലിംഗ പട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ ചുഴലിക്കാറ്റായി, മണിക്കൂറില്‍ പരമാവധി 95 കിലോ മീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ :-

സെപ്റ്റംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.

സെപ്റ്റംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

സെപ്റ്റംബര്‍ 28: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
      ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിര്‍ദ്ദേശം.
തിങ്കളാഴ്ച വരെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, കന്യാകുമാരി മേഖലകളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളിലും, തെക്ക്-കിഴക്കന്‍ അറബിക്കടലിലും സമാന കാലാവസ്ഥയായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ