പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താൻ കേന്ദ്രം; എതിർത്ത് കേരളം.
ന്യൂഡൽഹി: പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര തീരുമാനം. പെട്രോളിയം കമ്പനികൾ കേന്ദ്രത്തെ പിന്തുണ അറിയിച്ചു.
പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളെ നേരിട്ട് ബാധിക്കുന്ന, പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തിയാൽ, പരമാവധി ജി.എസ്.ടി. താരിഫായ 28 % നികുതി ഈടാക്കിയാലും പെട്രോൾ, ഡീസൽ വിലയിൽ 30 മുതൽ 40 വരെ ശതമാനം വിലക്കുറവുണ്ടാകും. ഇത് ജനങ്ങൾക്ക് വളരെ ആശ്വാസമേകുന്ന ഒരു കാര്യമാണ്. എന്നാൽ ഭീമമായ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഭീമമായ വരുമാനം ലഭിക്കില്ലെന്നതു കൊണ്ടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നത്.
സംസ്ഥാനങ്ങളുടെ എതിർപ്പ് ഇക്കാര്യത്തിൽ ഇനി പരിഗണിക്കില്ല. സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കും. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരുന്നത് എതിർക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവന്നാൽ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം, നിയമം നടപ്പാക്കിയ കാലം മുതൽ പൊതുഇടങ്ങളിൽ സജീവമാണ്. പ്രധാനമായും സംസ്ഥാന സർക്കാരുകൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ കേന്ദ്രം ഇക്കാര്യത്തിൽ കടുംപിടുത്തം കൈക്കൊണ്ടിരുന്നില്ല. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്തിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.
വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന്, കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടർച്ചയായ് നിർദ്ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിർദ്ദേശിക്കും പോലെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. എവിയേഷൻ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാർശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്. ഏവിയേഷൻ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇത് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാനുള്ള അവകാശമുള്ളതുകൊണ്ട് നികുതി കുറയ്ക്കാൻ സാധിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നതു വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നത്.
ആദ്യഘട്ടമായി ഭാഗികമായാകും പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരിക. എവിയേഷൻ ഫ്യുവൽ അടക്കമുള്ള എതാനും ഇനങ്ങളാണ് ഇപ്രകാരം ജി.എസ്.ടി. ചുമത്താൻ നിർദേശിക്കുന്ന പട്ടികയിൽ ഇപ്പോൾ ഉള്ളത്. കേന്ദ്രതീരുമാനത്തെ കേരളം അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കണ്ണുമടച്ച് എതിർക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ