മകന് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി അമ്മ തൂങ്ങി മരിച്ചു.
അമ്പലപ്പുഴ: ഏഴു വയസ്സുള്ള മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത്. മൂത്ത മകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് എത്തിയ മുജീബ് പെൺ മക്കൾക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിലേക്കു കൊണ്ടു പോയി. ആശുപത്രിയിൽ വെച്ചാണു മാതാവും വിഷം കഴിച്ച വിവരം കുട്ടി പറയുന്നത്. മുജീബ് ഉടൻ തന്നെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. അടച്ചിട്ട വാതിൽ തുറന്ന് അകത്തുചെന്നപ്പോൾ കിടപ്പുമുറിയിൽ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
റഹ്മത്ത് ആത്മഹത്യാ പ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടു കൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപ് ഇവർ വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും മൂത്തമകൾ കണ്ടു കെട്ടഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റു മക്കൾ: മുഹ്സിന, മുബീന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ