ആലപ്പുഴ ജില്ലയിൽ കോവാക്‌സിനു ക്ഷാമമെന്ന് റിപ്പോർട്ട്.

ആലപ്പുഴ ജില്ലയിൽ കോവാക്‌സിനു ക്ഷാമമെന്ന് റിപ്പോർട്ട്.

ആലപ്പുഴ: കോവിഷീൽഡ് വാക്‌സിൻ ആവശ്യത്തിലധികം ലഭിക്കുമ്പോഴും ജില്ലയ്ക്കു കോവാക്‌സിൻ കിട്ടുന്നില്ലെന്ന് റിപ്പോർട്ട്. രണ്ടാം ഡോസിന് സമയം കഴിഞ്ഞവരും കഴിയാറായവരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണു കോവാക്‌സിനായി കാത്തിരിക്കുന്നത്. അടുത്തയാഴ്ചയെങ്കിലും കോവാക്‌സിൻ കൂടുതൽ എത്തിയില്ലെങ്കിൽ രണ്ടാം ഡോസ് പ്രതിസന്ധിയിലാകും.
      ഒരാഴ്ചയിലേറെയായി ലഭിക്കുന്ന വാക്‌സിൻ മുഴുവനും കോവിഷീൽഡാണ്. ഒരു തുള്ളി കോവാക്‌സിൻ പോലും പുതുതായി ലഭിച്ചിട്ടില്ല. സെപ്റ്റംബർ ഒൻപതിന് 7,000 ഡോസ്‌ കോവാക്‌സിനാണു ലഭിച്ചത്. അന്ന് 55,000 കോവിഷീൽഡും ലഭിച്ചു. പിന്നീട് രണ്ടു തവണയായി 70,000 ഡോസ് കോവിഷീൽഡ് ലഭിച്ചിട്ടും കോവാക്‌സിൻ എത്തിയില്ല. ശനിയാഴ്ച അനുവദിച്ച 25,000 ഡോസും കോവിഷീൽഡായിരുന്നു. കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ടാം ഡോസ് എടുക്കേണ്ട സമയപരിധി തമ്മിൽ വലിയ അന്തരമുണ്ട്. കോവാക്‌സിൻ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിയുമ്പോൾ രണ്ടാം ഡോസിന് സമയമാകും. കോവിഷീൽഡിന് 84 ദിവസം കഴിഞ്ഞ്‌ രണ്ടാം ഡോസെടുത്താൽ മതിയാകും. അതുകൊണ്ടു തന്നെ കൂടുതൽ കോവാക്‌സിൻ ലഭ്യമാക്കിയില്ലെങ്കിൽ രണ്ടാം ഡോസിന് തിരിച്ചടി നേരിടും. 18 വയസ്സിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ ജില്ലയിൽ അന്തിമഘട്ടത്തിലാണ്. 96 ശതമാനത്തിലധികം പേർ വാക്‌സിനെടുത്തു കഴിഞ്ഞു. കോവിഡ് ബാധിച്ചവരും പല കാരണങ്ങളാൽ വിട്ടു നിൽക്കുന്ന ചിലരും മാത്രമാണ്‌ ഇനി ഒന്നാം ഡോസെടുക്കാനുള്ളത്‌. ജില്ലയിൽ ഇതുവരെ 20.79 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതിൽ 14.70 ലക്ഷവും ഒന്നാം ഡോസാണ്. രണ്ടാം ഡോസ് കിട്ടിയത് 6.09 ലക്ഷം പേർക്കാണ്. ഇനിയും 8.61 ലക്ഷം പേർക്കാണു രണ്ടാം ഡോസ് നൽകേണ്ടത്.
      ജനുവരി 16-നാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. എട്ടു മാസത്തിനകം 20 ലക്ഷത്തിലധികം വാക്‌സിൻ നൽകാനായത് നേട്ടമായെങ്കിലും പലതവണ വാക്‌സിൻ ക്ഷാമം നേരിട്ടതു തിരിച്ചടിയാണ്. ഇപ്പോൾ കോവിഷീൽഡ് വാക്‌സിൻ ആവശ്യത്തിനുണ്ടായിട്ടും കുത്തിവെപ്പു കുറഞ്ഞിരിക്കുകയാണ്. വാക്‌സിനെടുക്കാനുള്ളവരെ തേടിപ്പിടിച്ച് ആശുപത്രികളിൽ എത്തിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.

Post a Comment

വളരെ പുതിയ വളരെ പഴയ