പുറമ്പോക്ക് ഒഴിപ്പിക്കാതെ കാന നിർമ്മാണം; പ്രതിഷേധവും അറസ്റ്റും.
വടക്കാഞ്ചേരി: പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലെ പുറമ്പോക്ക് ഭൂമി പൂർണ്ണമായും ഒഴിപ്പിച്ചെടുക്കാതെ റോഡരികിലെ കാന നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം. കാന നിർമ്മാണം തടഞ്ഞു കുത്തിയിരിപ്പു സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കുന്നംകുളം - വടക്കാഞ്ചേരി റോഡ് വശങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാണ് വീതി കൂട്ടി കാന നിർമ്മിക്കുന്നത്. ഒട്ടേറെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചിട്ടും പൊലീസ് സ്റ്റേഷൻ വളപ്പിലെ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നില്ല എന്നാണ് ആരോപണം.
ഈ ഭാഗത്താണെങ്കിൽ റോഡിന് വീതി കുറവാണെന്നും പരാതിയുണ്ട്. പൊതുമാരാമത്ത് വകുപ്പ് സർവേ നടത്തി അതിർത്തി കല്ല് സ്ഥാപിച്ചിട്ടുള്ളത് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനോട് ചേർന്നാണ്. ഇതു കണക്കാക്കി ഭൂമി ഒഴിപ്പിച്ചാൽ സ്റ്റേഷന്റെ മുറ്റം ഇല്ലാതാകും. അതുകൊണ്ട് ഭൂമി പൂർണ്ണമായി ഒഴിപ്പിക്കേണ്ടെന്ന് വാക്കാൽ തീരുമാനിക്കുകയായിരുന്നവത്രെ. സ്റ്റേഷന് മുൻവശത്തെ മതിൽ പൊളിക്കുകയും മരങ്ങൾ മുറിക്കുകയും ചെയ്തുവെങ്കിലും റോഡിനോട് ചേർന്ന് നിന്നിരുന്ന 4 മീറ്ററിലധികം വീതിയുള്ള പുറമ്പോക്ക് ഒഴിപ്പിക്കാതെയാണ് കാന നിർമ്മാണം തുടങ്ങിയത്. രാഷ്ട്രീയ സമ്മർദം മൂലാണ് സ്റ്റേഷൻ വളപ്പിലെ പുറമ്പോക്ക് ഒഴിപ്പിക്കാൻ മടിക്കുന്നതെന്നു ആരോപിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്.
കുന്നംകുളം എസിപി ടി. എസ്. സിനോജ്, എസ്ഐമാരായ അബ്ദുൽ ഹക്കീം, ജയകുമാർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി. ഐ. സെബാസ്റ്റ്യൻ എന്നിവർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പുറമ്പോക്ക് പൂർണ്ണമായി ഒഴിപ്പിക്കണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിന് 11പേർക്കെതിരെയും അനുവാദമില്ലാതെ ജാഥ നടത്തിയതിന് 20 പേർക്കെതിരെയും പൊലീസ് കേസെടുത്തു.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. കേശവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. എ. ഉസ്മാൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം. കെ. ജോസ്, അംഗങ്ങളായ എം. സി. ഐജു, സുധീഷ് പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. എം. സലീം, നേതാക്കളായ പി. എസ്. സുനീഷ്, എൻ. കെ. കബീർ, രഘു കരിയന്നൂർ, കെ. ഗോവിന്ദൻകുട്ടി, യൂസഫ് , ഹൈദർ കരിയന്നൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
إرسال تعليق