‘കോവിഡ് നഷ്ടപരിഹാരം: തീരുമാനം പറയണം’; സുപ്രീം കോടതിയുടെ അന്ത്യശാസനം.

‘കോവിഡ് നഷ്ടപരിഹാരം: തീരുമാനം പറയണം’; സുപ്രീം കോടതിയുടെ അന്ത്യശാസനം.

ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം, മരണ സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വീകരിച്ച നടപടി കേന്ദ്ര സർക്കാർ 11നുള്ളിൽ വിശദീകരിക്കണമെന്നു സുപ്രീം കോടതി അന്ത്യശാസനം നൽകി. ഇന്നലെ രണ്ടാം തവണയും സമയം നീട്ടി നൽകണമെന്ന കേന്ദ്ര ആവശ്യം കോടതി നിരാകരിച്ചു. അവസാന അവസരം എന്ന നിലയിലാണ് സത്യവാങ്മൂലം നൽകാൻ 11 വരെ സമയം അനുവദിക്കുന്നതെന്നും ഹർജി 13നു പരിഗണിക്കുമെന്നും ജഡ്ജിമാരായ എം. ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 10 ദിവസം കൂടി സാവകാശം നൽകണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യമെങ്കിലും കോടതി അനുവദിച്ചില്ല. നടപടി വൈകുന്നതിൽ കോടതി അതൃപ്തിയറിയിച്ചു. കോവിഡ് മരണ സർട്ടിഫിക്കറ്റ്, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച ഉത്തരവ് എത്രയോ ദിവസങ്ങൾക്കു മുൻപുള്ളതാണ്. ഇനിയും നടപടിയെടുത്തിട്ടില്ലെങ്കിൽ മൂന്നാം കോവിഡ് തരംഗവും കഴിഞ്ഞു പോകും. സർക്കാരിനിത് കൂടുതൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇന്നലെ മറുപടി നൽകുമെന്നായിരുന്നു സർക്കാർ ഉറപ്പു നൽകിയിരുന്നതെന്നും കോടതി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിഗണിക്കുകയാണെന്നും ഉടൻ നഷ്ടപരിഹാര പദ്ധതി തയാറാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പു നൽകി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഇതിനായി 6 ആഴ്ചയ്ക്കുള്ളിൽ മാർഗ്ഗരേഖ തയാറാക്കണമെന്നുമായിരുന്നു ജൂൺ 30ലെ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ