തുടര്‍ചികില്‍സാര്‍ത്ഥം മുഖ്യമന്ത്രി ഉടന്‍ അമേരിക്കയിലേക്ക് ?
തിരു.: തുടര്‍ചികില്‍സാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അമേരിക്കയിലേക്ക് വീണ്ടും പോകുമെന്ന് സൂചന. സിപിഎം സമ്മേളനങ്ങള്‍ ചൂടു പിടിക്കും മുമ്പ് ചികില്‍സ പൂര്‍ത്തിയാക്കി മടങ്ങിയെത്താനാണ് നീക്കം. നേരത്തെ അമേരിക്കയില്‍ ചികില്‍സ തേടിയ പിണറായിയോട് തുടര്‍ പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലീനിക് നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഈ പരിശോധന നീണ്ടു. കോവിഡില്‍ ഇളവുകള്‍ വരുമ്പോള്‍ തന്നെ അമേരിക്കയില്‍ എത്തി പരിശോധനകള്‍ നടത്താനാണ് നീക്കം.
നിയമസഭാ സമ്മേളനം ഉടന്‍ ചേരും. അതിന് ശേഷം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന. അമേരിക്കയിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതാണ് നിര്‍ണ്ണായകം. കേന്ദ്ര കമ്മറ്റി അംഗമായ എം. വി. ഗോവിന്ദനാണ് മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ സീനിയര്‍. എന്നാല്‍ മറ്റൊരു കേന്ദ്ര കമ്മറ്റി അംഗമായ കെ. രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടാണ് അതിവിശ്വസ്തനായ എ. സമ്പത്തിനെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍ ലോബിയുടെ സ്വാധീനം സര്‍ക്കാരില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാകും ഈ നടപടി.
കാബിനെറ്റില്‍ സിപിഎമ്മില്‍ നിന്നുള്ള ഏക മുന്‍ മന്ത്രിയാണ് രാധാകൃഷ്ണന്‍. ഇതിനൊപ്പം സ്പീക്കറുമായിരുന്നു. ഈ പ്രവര്‍ത്തന പരിചയം ചൂണ്ടിക്കാട്ടിയാകും മുഖ്യമന്ത്രിയുടെ വിദേശയാത്രാ കാലത്ത് മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത് അടക്കമുള്ള ചുമതല രാധാകൃഷ്ണന് നല്‍കുക. വകുപ്പ് വിഭജനത്തില്‍ വേണ്ടത്ര പരിഗണന രാധാകൃഷ്ണന് മുഖ്യമന്ത്രി നല്‍കിയില്ലെന്ന പരാതിയുണ്ട്. ഇതിനിടെയാണ് രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കി വ്യക്തമായ സന്ദേശം നല്‍കാനുള്ള പിണറായിയുടെ നീക്കം.
ഒക്ടോബറില്‍ പിണറായി ചികില്‍സയ്ക്ക് പോകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും ഇതിനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാരണം നടന്നില്ല. നിലവില്‍ മയോ ക്ലീനിക്കിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചികില്‍സയാണ് മുഖ്യമന്ത്രി തുടരുന്നത്. ഒരു ആരോഗ്യ പ്രശ്‌നവുമില്ല. അതുകൊണ്ട് തന്നെ വിദഗ്ധാഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചേ അമേരിക്കന്‍ യാത്രയില്‍ അന്തിമ തീരുമാനം എടുക്കൂ. പാര്‍ട്ടി സമ്മേളനത്തിന് മുമ്പ് തന്നെ അത് ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ അമേരിക്കയിലേക്ക് പോയപ്പോള്‍ അന്ന് മന്ത്രിയായിരുന്ന ഇ. പി. ജയരാജനെയാണ് പകരം ചുമതല ഏല്‍പ്പിച്ചത്. മന്ത്രിസഭയിലെ രണ്ടാമന്‍ അന്ന് ജയരാജൻ ആണെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. ശൈലജ ടീച്ചറിനെ രണ്ടാം മന്ത്രിസഭയില്‍ എടുക്കാത്തതിന് കാരണവും വിദേശത്തേക്കുള്ള ചികില്‍സാ യാത്രകള്‍ ഉണ്ടെന്ന തിരിച്ചറിവിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ശൈലജ ടീച്ചര്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ മുഖ്യമന്ത്രിയുടെ ചുമതല ടീച്ചറിന് നല്‍കേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കാനാണ് ഏറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും ശൈലജ ടീച്ചറിനെ ഒഴിവാക്കിയതെന്നാണ് സൂചന.
തിരുവനന്തപുരത്ത് ഏഷ്യയിലെ തന്നെ മികച്ച ആര്‍സിസി, ലോക പ്രശസ്തമായ ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ കോളേജ്, എറണാകുളത്തെ ലേക് ഷോര്‍, അമൃത ഇങ്ങനെ ലോകോത്തരമായ ഒരുപാട് ആശുപത്രികളുണ്ട്. ഇവിടെ എല്ലാ രോഗത്തിനും ചികില്‍സയുമുണ്ട്. ഈ സാഹചര്യത്തില്‍ എന്തിനാണ് മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തില്‍ ഉടര്‍ന്നിരുന്നു. സിപിഎം നേതാക്കള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ രോഗത്തെ കുറിച്ച് അറിയില്ല. അത്രയും രഹസ്യമായാണ് രോഗ വിവരം സൂക്ഷിക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിനെ കാന്‍സറിന്റെ വിദഗ്ദ ചികില്‍സാലയം ആയാണ് വിലയിരുത്തുന്നത്.
മുന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും മയോ ക്ലിനിക്കില്‍ ചികില്‍സ തേടിയിരുന്നു. ഇരുവരും കാന്‍സര്‍ രോഗത്തിനാണ് മയോ ക്ലീനിക്കില്‍ ചികില്‍സയ്ക്ക് എത്തിയത്. ഇന്ത്യയിലെ പല പ്രമുഖരും ചികില്‍സയ്ക്കായി പോകുന്നത് മയോ ക്ലീനിക്കിലാണ്. ഈ പാതയാണ് പിണറായിയും പിന്തുടരുന്നത്. മലയാളികളായ അമേരിക്കന്‍ ഡോക്ടര്‍മാരാണ് ചികില്‍സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ പിണറായിക്ക് ഒരുക്കി നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ