സെപ്റ്റംബര്‍ 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍.
തിരു.: സെപ്റ്റംബര്‍ 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള 78.03 ശതമാനം പേര്‍ക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേര്‍ക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.
കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ നിന്നും വ്യത്യസ്തമായി നിരവധി പുതിയ പ്രതിസന്ധികള്‍ രണ്ടാം തരംഗത്തിന്‍റെ കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആശ്വാസം നല്‍കുന്ന സാഹചര്യമാണ് നിലവില്‍. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള കാലയളവില്‍, ശരാശരി സജീവ കേസുകള്‍ 2,42,278 ആണ്. അതില്‍ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടി വന്നിട്ടുള്ളൂ.
ആകെ രോഗികളില്‍ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവില്‍ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടി.പി.ആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാനിരക്ക് യഥാക്രമം എട്ട് ശതമാനവും പത്ത് ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഐ.സി.എംആറിന്‍റെ ആദ്യ സെറൊ പ്രിവലന്‍സ് പഠനം കണ്ടെത്തിയത് പ്രകാരം ഒന്നാം തരംഗ കാലത്ത് രോഗബാധിതരായവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവായിരുന്നു എന്നാണ്. സംസ്ഥാനത്ത് ഏകദേശം 11 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായത്. അതിന്‍റെ ഇരട്ടിയായിരുന്നു ദേശീയ ശരാശരി.
إرسال تعليق