അവധി ആഘോഷിക്കാനെത്തിയ 2 പേർ മുങ്ങിമരിച്ചു.
ഈറോഡ്: ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കൾ കാരണപ്പാളയം കാവേരി നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരൺ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി യദു(24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ചെന്നൈയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ, സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടിൽ വിനായകചതുർത്ഥി ദിനത്തിലെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇവരെ കൂടാതെ മലയാളിയായ വിഷ്ണു പ്രസാദ്, ഗൗതം, ചെന്നൈ സ്വദേശിയായ അശോക്, തിരുപ്പൂർ സ്വദേശിയായ വിജയകൃഷ്ണൻ, തൂത്തുക്കുടി സ്വദേശിയായ രാംകുമാർ എന്നിവരും എത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് കാവേരി നദിയിൽ കുളിക്കാനിറങ്ങിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. നദിയിലെ മീൻപിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മലയപ്പാളയം പൊലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. മൃതദേഹങ്ങൾ പെരുന്തുറ സർക്കാർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ