കൊല്ലം–ചെങ്കോട്ട ട്രെയിൻ പാതയിൽ കട്ടിങ് ഇടിഞ്ഞിറങ്ങി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
തെന്മല: കൊല്ലം–ചെങ്കോട്ട ട്രെയിൻ പാതയിൽ കട്ടിങ് ഇടിഞ്ഞ് ഇറങ്ങിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.50ന് ആണ് സംഭവം. തെന്മല റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുള്ള തുരങ്കത്തിന്റെ മുൻവശത്തെ കട്ടിങ്ങാണ് ഇടിഞ്ഞിറങ്ങിയത്. പാതയിലേക്ക് മണ്ണും കല്ലും വീണതോടെ ട്രെയിൻ ഓടാൻ പറ്റാത്ത സ്ഥിതിയായി. തുരങ്കത്തിന് സമീപത്തു താമസിക്കുന്നവരാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത് സീനിയർ സെക്‌ഷൻ എൻജിനീയർ മണികണ്ഠനെ അറിയിച്ചത്. മണികണ്ഠൻ മധുരയിലെ കൺട്രോളിങ് സ്റ്റേഷനിൽ അറിയിച്ചതോടെ രാത്രിയിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസുകൾ പുനലൂർ, ആര്യങ്കാവ് സ്റ്റേഷനുകളിൽ പിടിച്ചിട്ടു. പുലർച്ചെ എത്തിയ ചെന്നൈ–കൊല്ലം ട്രെയിൻ ചെങ്കോട്ടയിൽ നിർത്തിയിട്ടു.
രാത്രിയിൽത്തന്നെ തെന്മല മൂന്നുകണ്ണറയ്ക്ക് സമീപത്തു പണി നടത്തിവരുന്ന കരാറുകാരുടെ സഹായത്തോടെ ട്രാക്കിലെ മണ്ണും കല്ലും മണ്ണുമാന്തിയുടെ സഹായത്തോടെ നീക്കം ചെയ്യൽ ആരംഭിച്ചു. പുലർച്ചെ 5.20ന് മണ്ണ് ഭാഗികമായി നീക്കം ചെയ്ത് 6 മണിയോടെ തിരുനെൽവേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് കട്ടിങ് ഇടിഞ്ഞിറങ്ങിയ ഭാഗത്തു കൂടി കടന്നു പോയി. ഇന്നലെ വൈകിട്ടോടെയാണ് മണ്ണ് പൂർണ്ണമായും നീക്കം ചെയ്തത്.
അതേസമയം, വഴിമാറിയത് വൻ ദുരന്തമായിരുന്നു. ട്രെയിൻ എത്തുന്നതിനു മുൻപ് കട്ടിങ് ഇടിഞ്ഞിറങ്ങിയത് കണ്ടത് വൻ അപകടം ഒഴിവാക്കി. തിരുനെൽവേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് എത്തുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് കട്ടിങ് ഇടിഞ്ഞിറങ്ങിയ വിവരം തെന്മല റെയിൽവേ സ്റ്റേഷനിൽ അറിയിക്കുന്നത്. ഉടൻതന്നെ ഈ ട്രെയിൻ പുനലൂരിൽ പിടിച്ചിട്ടു. കട്ടിങ് ഇടിഞ്ഞ വിവരം അറിയാതെ ട്രെയിൻ എത്തിയിരുന്നെങ്കിൽ ട്രാക്കില്‍ കിടക്കുന്ന മണ്ണിലും പാറയിലും ഇടിച്ച് അപകടം സംഭവിക്കുമായിരുന്നു. നാട്ടുകാരുടെ ഇടപെടലാണ് ദുരന്തം വഴിതിരിച്ചു വിട്ടത്.
കഴിഞ്ഞ കാലവർഷത്തിൽ ഇതേസ്ഥലത്തു തന്നെ പാറയും മണ്ണും ട്രാക്കിലേക്ക് ഇടിഞ്ഞിറങ്ങിയിരുന്നു. അന്ന് ട്രെയിൻ ഗാതഗതത്തിന് തടസ്സമുണ്ടാകാതെ ഇവ നീക്കം ചെയ്തു. നിലവിൽ ഇവിടെ ഏതു നിമിഷവും കട്ടിങ് പാതയിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. ഗേജുമാറ്റം നടന്നപ്പോൾ പാതയിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളം വഴി തിരിച്ചുവിടാന്‍ ഓടകളൊന്നും നിർമ്മിച്ചിരുന്നില്ല. ഇതോടെ മഴ വെള്ളം പല വഴിയ്ക്ക് ഒഴുകിയിറങ്ങുന്നതാണ് കട്ടിങ് ഇടിച്ചിലിന് കാരണമായി മാറുന്നത്. ഇപ്പോൾ ഇടിഞ്ഞിറങ്ങിയ സ്ഥലത്ത് നല്ല മഴ പെയ്താൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ട്.
മൂന്നു വർഷം മുൻപ് ഇതേപോലെ തെന്മല മൂന്നുകണ്ണറയ്ക്ക് സമീപത്തും ഉണ്ടായി. ട്രാക്കിലേക്ക് കട്ടിങ് ഇടിഞ്ഞു വീഴ്ന്നതോടെ ഒരു മാസത്തോളം ട്രെയിൻ നിർത്തി വച്ചിരുന്നു. ഈ ഭാഗത്ത് ഇപ്പോൾ കട്ടിങിന്റെ അപകടം ഒഴിവാക്കുന്ന പണി നടന്നു വരികയാണ്. പുനലൂർ–ഭഗവതിപുരം ഭാഗത്തെ മണ്ണിടിച്ചിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ഇതിൽ ആര്യങ്കാവ് മുതൽ ഇടമൺ വരെയാണ് പാതയിലേക്ക് മണ്ണിടിഞ്ഞിറങ്ങാൻ സാധ്യതയുള്ളത്. ഈ ഭാഗത്തെ മണ്ണിടിച്ചിൽ പരിഹാരം കാണാനുള്ള കരാർ പണികൾ നടക്കുന്നുണ്ട്. ഈ പണിയ്ക്ക് വേഗത കൂട്ടണം. ട്രെയിൻ ഓടുന്ന പാതയിൽ അപകടകരമാം വിധത്തിലുള്ള പാറപൊട്ടിക്കലടക്കം നടക്കുന്നുണ്ട്. രണ്ട് മാസം മുന്‍പ് ഇത്തരത്തിൽ പൊട്ടിച്ച പാറ ട്രാക്കിലേക്ക് വീണിരുന്നു. ട്രെയിൻ ഗതാഗതം കുറച്ചു ദിവസത്തേക്ക് നിർത്തി വച്ച് പണി നടത്തണമെന്ന് റെയിൽവേ നിർമ്മാണ വിഭാഗം മധുര ഡിവിഷനിൽ കത്തു നല്‍കിയെങ്കിലും ഫലം കണ്ടില്ല.
390 കോടി മുടക്കി, മീറ്റര്‍ ഗേജ് പാതയെ ബ്രോഡ്ഗേജ് ആക്കിയിട്ടും റെയിൽവേയ്ക്ക് വരുമാനം വട്ടപൂജ്യം. മധുര ഡിവിഷന്റെ കീഴിയിലുള്ള ഈ പാതയെ റെയിൽവേ പൂർണ്ണമായും അവഗണച്ചിരിക്കുകയാണ്. ഇപ്പോൾ ഇതുവഴി പാലക്കാടു നിന്നും തിരുനെൽവേലിക്കുള്ള പാലരുവി എക്സ്പ്രസും ചെന്നൈ–കൊല്ലം മെയിൽ എന്നീ രണ്ടു ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കോവിഡിന് മുൻപ് സര്‍വീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ ഇപ്പോഴില്ല. മീറ്റർ ഗേജ് പാത ആയിരുന്നപ്പോൾ 12 ട്രെയിനുകൾ ഓടിയിരുന്ന സ്ഥലത്താണ് ഇപ്പോൾ രണ്ടെണ്ണം കിതച്ചോടുന്നത്.
പുനലൂർ വരെ ഓടിയിരുന്ന ഗുരുവായൂർ മധുരയിലേക്ക് നീട്ടിയില്ല. കൊല്ലം–ചെങ്കോട്ട–മധുര സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെങ്കോട്ടയിൽ സര്‍വീസ് അവസാനിപ്പിക്കുന്ന ചില ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടിയാൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. തിരുവനന്തപുരം–ഊട്ടി (കൊല്ലം, ചെങ്കോട്ട, മധുര, പഴനി, കോയമ്പത്തൂർ വഴി) ട്രെയിന്‍ ഓടിച്ചാൽ ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്പെടുമെന്നും അഭിപ്രായമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ