സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല; യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി.
ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുളള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ അയവ് വരുത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ.ടി.പി.സി.ആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്.
കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ആർ.ടി.പി.സി.ആർ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു നിബന്ധന സംസ്ഥാനങ്ങൾ മുന്നോട്ടു വെക്കരുതെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതേസമയം, ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീൻ ഉൾപ്പടെയുളള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര വിമാനയാത്രികർക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാർഗ്ഗനിർദ്ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവിൽ മൂന്നു സീറ്റുകളുടെ നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ