'തീവ്രവാദികള്‍ ഒരിക്കലും നല്ല ഭരണം നടത്തില്ല'; അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ മലയാളി

'തീവ്രവാദികള്‍ ഒരിക്കലും നല്ല ഭരണം നടത്തില്ല'; അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ മലയാളി.
ഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ കണ്ണൂർ സ്വദേശി ദീദില്‍ പാറക്കണ്ടി നാട്ടിലെത്തി. കാബൂള്‍ സുരക്ഷിതമായിരുന്നുവെന്നും മടങ്ങാനിരിക്കെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചതെന്നും ദീദില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരിച്ചു പോകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മടങ്ങാനായി മൂന്ന് തവണ എയർ പോർട്ടിലെത്തിയെങ്കിലും മൂന്നു തവണയും താലിബാന്റെ മുന്നിൽപ്പെട്ട് വാഹനം തിരിച്ചു വിടുകയായിരുന്നു. അമേരിക്ക കൂടി പോയാൽ എയർ പോർട്ടിന്റ പൂർണ്ണ നിയന്ത്രണം താലിബാന്റെ കയ്യിലാകും. പിന്നെ രക്ഷപെടൽ പ്രയാസമാകും. ഇപ്പോഴും താലിബാൻ തന്നെയാണ് എയർ പോർട്ട് നിയന്ത്രിക്കുന്നത്. ദീദിൽ പറഞ്ഞു. 
കമ്പനികൾക്കെല്ലാം വലിയ നഷ്ടം തന്നെയാണ്. എല്ലാം നന്നായി പോകുന്ന സമയത്താണ്  ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായത്. നല്ല ഭരണം തീവ്രവാദികൾ ഒരിക്കലും  കാഴ്ചവയ്ക്കില്ല. അവർ ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാലും നമുക്ക് നല്ലത് പ്രതീക്ഷിക്കാൻ കഴിയില്ല. എന്തിനാണ് നിങ്ങൾ പോകുന്നതെന്നാണ് അവർ ചോദിക്കുന്നത്. ഞങ്ങളോടൊപ്പം ജോലി ചെയ്തു കൂടെയെന്നും വാഹനം തടഞ്ഞു കൊണ്ട് താലിബാൻ സംഘം ചോദിച്ചതായി ദീദിൽ പറഞ്ഞു. 
താലിബാന്റെ കണ്ണു വെട്ടിച്ച് ശനിയാഴ്ച വരെ ഹോട്ടലിൽ കഴിഞ്ഞു. കാബുൾ സുരക്ഷിതമായിരുന്നു. എംബസികളെല്ലാം ഉള്ളതിനാൽ കാബുൾ ഒരിക്കലും ആക്രമിക്കില്ലെന്നായിരുന്നു താലിബാന്റെ വാക്ക്. എന്നാൽ, അവർ അത് തെറ്റിച്ചു.  കേന്ദ്ര സർക്കാർ പ്രതിനിധികൾ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. നിർദ്ദേശങ്ങൾ വാട്സാപ് ഗ്രൂപ്പ് വഴി അവർ നൽകി. 
കാബൂളിൽ നിന്ന് പറക്കാൻ ഇന്ത്യൻ സേനാ വിമാനത്തിന് അനുമതിയായി എന്ന വാർത്ത ശനിയാഴ്ച രാവിലെയെത്തി. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. വിമാനത്താവളത്തിലേക്കു പോകും വഴി വാഹനം താലിബാൻ സംഘം തടഞ്ഞു. ശരിക്കും പേടിച്ചു പോയി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടു പോയത്. എല്ലാവരുടെയും രേഖകൾ പരിശോധിച്ച ശേഷം വിട്ടയച്ചപ്പോഴാണു ശ്വാസം നേരെ വീണതെന്നും ദീദിൽ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ