വാരിയംകുന്നനടക്കം 387 പേരുകൾ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാൻ ശുപാർശ.
ന്യൂഡൽഹി∙ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം വിവാദത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് പേരുകൾ ഒഴിവാക്കാനുള്ള ശുപാർശ നൽകിയിട്ടുള്ളത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്ന് ഇത്തരമൊരു നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ദ് ഹിന്ദു പത്രം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടിഷുകാർക്കെതിരെയോ ദേശീയസ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. കലാപം, ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്നാണു സൂചന. പുതുക്കിയ രക്തസാക്ഷി പട്ടിക ഒക്ടോബർ അവസാനം പുറത്തിറങ്ങും. സ്വാതന്ത്ര്യ സമരസേനാനി പട്ടിക പതുക്കിയ നടപടി ശരിയല്ലെന്നു വിഖ്യാത ചരിത്രകാരന്‍ എം. ജി. എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി. ഐ.ഐസക് ന്യായീകരിച്ചു. മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ല. അവര്‍ ഖിലാഫത്തുകാര്‍ മാത്രമായിരുന്നു. അവർ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തിയിട്ടില്ല. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കരുതെന്നും ഐസക് പറഞ്ഞു. മലബാർ കലാപം രാജ്യത്തെ ആദ്യ താലിബാൻ മോഡൽ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. വാരിയംകുന്നന്‍, താലിബാന്‍ മുന്‍ തലവനാണെന്നു ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുല്ലക്കുട്ടിയും ആരോപിച്ചു. വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മലബാർ കലാപത്തിൽ ഇഎംഎസ്സിൻ്റെ കുടുംബത്തിനു വരെ ഓടി പോകേണ്ടി വന്നിരുന്നുവെന്നും അബ്ദുദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ