കേരളം "കാർഷിക ബജറ്റ് " അവതരിപ്പിക്കണം: പി.സി.തോമസ്.

കേരളം "കാർഷിക ബജറ്റ് " അവതരിപ്പിക്കണം: പി.സി.തോമസ്.
 കഴിഞ്ഞദിവസം തമിഴ്നാട് സർക്കാ൪ അവരുടെ നിയമസഭയിൽ, കൃഷിക്ക് തന്നെ പ്രത്യേക "കാർഷിക ബജറ്റ് " അവതരിപ്പിച്ചതു പോലെ കേരളവും ചെയ്യണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
       കൃഷിക്ക് വലിയ ഊന്നൽ കൊടുക്കുവാൻ ഭരണഘടനയിൽ സംസ്ഥാനങ്ങൾക്ക്  പ്രത്യേകമായിട്ടുള്ള ചില അവകാശങ്ങൾ പ്രയോജനപ്പെടുത്തി, നിയമസഭയിൽ കൃഷിക്ക്  വലിയ ഊന്നൽ  നൽകിക്കൊണ്ട് "കാർഷിക ബജറ്റ് " അവതരിപ്പിക്കണമെന്നും, അതിലെ കാര്യങ്ങൾ നടപ്പാക്കുന്നു എന്നുറപ്പുവരുത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
      കേന്ദ്രത്തിൽ കൃഷിക്ക് തന്നെ പ്രത്യേക  ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യം താൻ പല പ്രാവശ്യം ഉന്നയിക്കുകയും, അവസാനം പ്രധാനമന്ത്രി പ്രത്യേകമായ ഒരു പഠന കമ്മിറ്റിക്ക് അതയക്കുകയും ചെയ്തിരുന്നു. ആ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് വന്നപ്പോൾ, പൊതുബജറ്റ് അല്ലാതെ ഒരു ബജറ്റും, ദേശീയ തലത്തിൽ ആവശ്യമില്ലെന്ന് കണ്ടതു കൊണ്ട്, റെയിൽവേ ബഡ്ജറ്റ് പോലും ഇല്ലാതാക്കണമെന്നും ആയിരുന്നു റിപ്പോർട്ട്. അങ്ങനെ വർഷങ്ങളായി നടന്നു വന്നിരുന്ന റെയിൽവേ ബഡ്ജറ്റ് പിന്നീട് ഇല്ലാതായി.
      എന്നാൽ, സംസ്ഥാനങ്ങളുടെ കാര്യം വിഭിന്നമാണ്. ഇപ്പോൾ തന്നെ കർണാടകയും ആന്ധ്രയും ഇതു പോലെ പ്രത്യേക ബജറ്റ് കൃഷിക്കു വേണ്ടി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു സംസ്ഥാനം കൂടി അങ്ങനെ  ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട് കൃഷിക്ക് ഏറ്റവും വലിയ പ്രാധാന്യം കൊടുക്കേണ്ട കേരളം, കാർഷിക വിളകൾക്ക്  കൃഷിക്കാർക്ക് ന്യായവില  കിട്ടത്തക്ക വിധത്തിൽ കാർഷിക വിപണന സംസ്കരണ കേന്ദ്രങ്ങൾ  ഉണ്ടാക്കുവാനും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചു, കൃഷിക്കാർക്ക് കൂടുതൽ പ്രയോജനം ഉണ്ടാക്കാൻ സഹായിച്ചു കൂടാ എന്നതും ചിന്തിക്കേണ്ടതാണ്. അതിനൊക്കെ  കൃഷിക്ക് തന്നെ പ്രത്യേക ബഡ്ജറ്റ് പ്രയോജനപ്പെടുത്താമെന്നും തോമസ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ