35% പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്ന്: ജാഗ്രത വേണമെന്ന് മന്ത്രി.

35% പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്ന്: ജാഗ്രത വേണമെന്ന് മന്ത്രി.
തിരു.:  വീടുകളില്‍ നിന്നും കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന സാഹചര്യമാണുള്ളത്. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.
      വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റീനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഡിസിസികള്‍ ലഭ്യമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
      അതേ സമയം, കോവിഡ് ബാധിതരെ പരമാവധി വീട്ടിൽത്തന്നെ ഇരുത്താനാണ് ഇപ്പോൾ ശ്രമം. നേരത്തേ, രോഗിയാകുന്നവർ വീട്ടിലിരിക്കാമെന്ന് പറഞ്ഞാലും ഉദ്യോഗസ്ഥർ വീട്ടിലെത്തി, അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് വീട്ടിൽ താമസിക്കാൻ അനുവദിച്ചിരുന്നത്. എന്നാലിപ്പോൾ രോഗികൾ വീട്ടിലിരിക്കാമെന്ന് പറഞ്ഞാൽ, കൂടുതൽ അന്വേഷണങ്ങൾ ഒന്നുമില്ലാതെ തന്നെ വീടുകളിൽ തങ്ങാൻ അനുവദിക്കുകയാണ്. ഇത് രോഗവ്യാപനം കൂടാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. രോഗികളെ ഡിസിസികളിലോ സിഎഫ്എൽടിസികളിലോ ആക്കിയാൽ അവർക്ക് ആഹാരം ഉൾപ്പടെ തയ്യാറാക്കണ്ടതിൻ്റെ ചെലവ് സർക്കാർ വഹിക്കേണ്ടി വരുമെന്നതും, ഇത്തരം ആക്ഷേപങ്ങൾക്ക് പിൻബലമേകുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ