മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജന്മദിനം ഇന്ന്.
മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജന്മദിനം ഇന്ന്. കേരളം കണ്ട ആചാര്യത്രയങ്ങളിൽ അധസ്ഥിതർക്കായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് അയ്യങ്കാളി. ചട്ടമ്പി സ്വാമികൾക്കും ശ്രീനാരായണഗുരുദേവനുമൊപ്പം നിന്നുകൊണ്ട് പോരാടിയ വ്യക്തിത്വമാ യിരുന്നു. പുലയസമൂഹത്തിലെ നവോത്ഥാനത്തിനായി അക്ഷീണം പ്രവർത്തിച്ച സാമൂഹ്യ പരിഷ്‌ക്കർത്താവാണ് അയ്യങ്കാളി. 1863 ആഗസ്റ്റ് മാസം 28ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ ജനിച്ച അയ്യങ്കാളി 1941 ജൂൺ 18നാണ് ഇഹലോകവാസം വെടിഞ്ഞത്.
1904ൽ അയ്യാവ് സ്വാമികളുടെ പ്രസംഗത്തിൽ നിന്നും പ്രേരണയുൾക്കൊണ്ടാണ് അയ്യങ്കാളി പൊതുസമൂഹത്തിന്റെ ഉന്നമനമാണ് തന്റെ ജീവത ദൗത്യം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന അനാചാര ങ്ങൾക്കും അയിത്തത്തിനുമെതിരെ അയ്യങ്കാളി പോരാടി. വിദ്യാഭ്യാസ നിഷേധത്തിനും മതംമാറ്റത്തിനുമെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് അയ്യങ്കാളി നടത്തിയത്. സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കിയ മാറുമറയ്‌ക്കരുതെന്ന പ്രാകൃത നിയമത്തിനെതിരെ കല്ലുമാല പൊട്ടിച്ചെറിയാൻ നടത്തിയ ആഹ്വാനം കേരളചരിത്രത്തിലെ അതിശക്തമായ സാമൂഹ്യമാറ്റത്തിനാണ് വഴിവെച്ചത്. തന്റെ സമൂഹത്തിന് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന കാര്യത്തിൽ അയ്യങ്കാളി ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായില്ല. 1904ൽ സമുദായത്തിലെ കുട്ടികൾക്കായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു കൊണ്ടാണ് തുടക്കമിട്ടത്. അയങ്കാളി തന്റെ 28-ാം വയസ്സിൽ നടത്തിയ വില്ലുവണ്ടി പ്രക്ഷോഭയാത്ര കേരളത്തിൽ അധസ്ഥിതരുടെ ഉന്നമനത്തിലേക്കുള്ള പാതയായി മാറി. തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായി അയ്യങ്കാളി പിന്നാക്ക സമൂഹത്തിന്റെ ശക്തനായ പ്രതിനിധിയായി പ്രവർത്തിച്ചിചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ