മാട്ടിൻമുകൾ കോളനിയിലെ ദുരവസ്ഥ: മന്ത്രി രാധാകൃഷ്ണൻ മറുപടി പറയണമെന്ന് ഷാജുമോൻ വട്ടേക്കാട്'

മാട്ടിൻമുകൾ കോളനിയിലെ ദുരവസ്ഥ: മന്ത്രി രാധാകൃഷ്ണൻ മറുപടി പറയണമെന്ന് ഷാജുമോൻ വട്ടേക്കാട്'
ചേലക്കര: പഴയന്നൂർ മാട്ടിൻമുകൾ പട്ടികജാതി പട്ടിക വർഗ്ഗ കോളനിയിലെ ദുരവസ്ഥയ്ക്കു പരിഹാരം കാണാത്ത സർക്കാർ നടപടിക്കു സ്ഥലം എം എൽ എ  കൂടിയായ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി പറയണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇരുപത്തിലധികം കുടുംബങ്ങൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ഭൂരിഭാഗത്തിനും വീടില്ല. ശൗചാലയം, കുടിവെള്ളം, റോഡ്, വൈദ്യുതി എന്നിവ ഇല്ല. വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ല. ഓല, ടാർപാളിൻ, തുണി എന്നിവ കൊണ്ട് മറച്ചാണ് കഴിയുന്നത്. പട്ടികജാതി /വർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാറില്ല. ഇവർക്ക് വേണ്ടി പണിത വീടുകൾ പാതി നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളു. കരാരുകാരൻ മുഴുവൻ തുകയും വാങ്ങി. വീട് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടിക ജാതി /വർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ. 20 വർഷം തുടർച്ചയായി ചേലക്കരയുടെ എം എൽ എ ആയിരുന്ന രാധാകൃഷ്ണൻ, രണ്ടാം തവണയും മന്ത്രിയായിട്ടും ഈ ദുർഗതിക്കു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ വോട്ട് ചോദിച്ചു കോളനിയിലേക്ക് പോയതല്ലാതെ കെ. രാധാകൃഷ്ണൻ പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. പാവപെട്ട പട്ടികജാതി വിഭാഗങ്ങളുടെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ മന്ത്രി കെ. രാധാകൃഷ്ണൻ തയ്യാറാകണം. ചേലക്കര നിയോജകമണ്ഡലത്തിലെ അഞ്ഞൂറോളം വരുന്ന പട്ടികജാതി ആദിവാസി കോളനികളുടെ അവസ്ഥ വളരെ ദുരിതപൂർണ്ണമാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി പട്ടിക /വർഗ്ഗ വിഭാഗങ്ങളോട് മന്ത്രി അവഗണന തുടർന്നാൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ബിജെപി ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് പി. ആർ.  രാജ്‌കുമാർ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വി. സി. ഷാജി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ടി. സി. പ്രകാശൻ, കൃഷ്ണകുമാർ, സഞ്ജിത് തങ്കപ്പൻ, എ. എസ്. ശശി, കൃഷ്ണദാസ്, പ്രസന്ന ശശി, സുരേഷ് വെണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ