നോൺ സബ്‌സിഡി മണ്ണെണ്ണ, റേഷന്‍ കടകളില്‍ കൂടി വിതരണം ചെയ്യണം : റേഷന്‍ കാര്‍ഡ് ഉടമ സംഘം
തിരു.: നോൺ സബ്‌സിഡി മണ്ണെണ്ണ, റേഷന്‍ കടകളില്‍ കൂടി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്ക് 6480 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് ഒരു മാസത്തെ ആവശ്യത്തിനു പോലും തികയുകയില്ല. നോൺ സബ്‌സിഡി (പി.ഡി.എസ്.) ഇനത്തില്‍ കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഉത്സവകാല ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എല്ലാ കാര്‍ഡുകള്‍ക്കും ഓണത്തിന് 2 ലിറ്റര്‍ നോൺ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍, ഭക്ഷ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ ഒരു സര്‍വകക്ഷി സംഘത്തെ അടിയന്തിരമായി ഡല്‍ഹിക്ക് അയക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കടുത്ത വിവേചനമാണ് മണ്ണെണ്ണ വിഹിതം അനുവദിക്കുന്നതില്‍ കേന്ദ്രം വര്‍ഷങ്ങളായി കാണിക്കുന്നത്. ഇതിനെതിരേ കാര്യക്ഷമമായ പ്രതികരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പലപ്പോഴും കാണിക്കുന്നില്ല. റേഷന്‍ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ പുതിയ മന്ത്രി എന്ന നിലയില്‍ പ്രത്യേക താല്പര്യം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റേഷന്‍ മണ്ണെണ്ണക്ക് ഇപ്പോള്‍ ഒരു പൈസ പോലും സബ്‌സിഡി ഇല്ല. ഇക്കാരണത്താല്‍ അധികം മണ്ണെണ്ണ അനുവദിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒന്നും തന്നെ വരില്ല. ഫിഷിങ് പെര്‍മിറ്റുകള്‍ക്കും ആവശ്യാനുസരണം നോൺ സബ്‌സിഡി (പി.ഡി.എസ്.) മണ്ണെണ്ണ അനുവദിക്കാന്‍ നിലവില്‍ നിയമങ്ങളുണ്ട്. അനുകൂലമായ ഉത്തരവുകള്‍ 2012 മുതല്‍ നിലവിലുണ്ടെങ്കിലും, വളരെ ഉയര്‍ന്ന നിരക്കിലുള്ള വെള്ള മണ്ണെണ്ണ ഓയില്‍ കമ്പനിയില്‍ നിന്നും എടുത്തു 25 രൂപ സബ്‌സിഡി നല്‍കിയാണ് മത്സ്യഫെഡ് വിതരണം നടത്തുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കണം. സിവില്‍ സപ്ലൈസ് ഡീലര്‍മാര്‍ വഴിയുള്ള മണ്ണെണ്ണ വിതരണം തുടര്‍ന്നും നിലനിർത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൈനി ജേക്കബ്, പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ് ഷൈനി ചെറിയാന്‍, ജനറല്‍ സെക്രട്ടറിമാരായ സൈരാ മൈക്കിള്‍, മോളിക്കുട്ടി മാത്യു, വൈസ് പ്രസിഡന്റുമാരായ പത്മിനി ശശിധരന്‍, സംസ്ഥാന കൺവീനര്‍ കല്പനാ സോമരാജന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ബിനു തോമസ്, സെക്രട്ടറിമാരായ ബിന്ദു ലക്ഷ്മി എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
إرسال تعليق