ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. വിവിധ മേഖലങ്ങളില്‍ അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ബി. സി. റോയി എന്ന പ്രതിഭാ ശാലിയായ ഡോക്ടറോടുള്ള ബഹുമാനാര്‍ത്ഥമാണ് അദ്ദേഹത്തിന്‍റെ ജന്മദിനമായ ജുലൈ ഒന്ന് 'ദേശീയ ഡോക്ടേഴ്സ് ദിനം' ആയി ആചരിച്ച് വരുന്നത്. ഒരോ വ്യക്തികള്‍ക്കും അതിലേറെ സമൂഹത്തിനും ഡോക്ടര്‍മാര്‍ നല്‍കി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ.
കൊവിഡ് മഹാമാരിക്കെതിരെ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്.
സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സ്വയം സമര്‍പ്പിതമായി മുന്നോട്ട് പോവുന്നതോടെയാണ് ഈ സമൂഹം ഈ രീതിയില്‍ നിലനില്‍ക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ ജീവിതത്തിന്റെ വില ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ജുലൈ ഒന്ന്.
ഐഎംഎ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മാത്രം രാജ്യത്ത് ഇതുവരെ 798 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഡൽഹിയില്‍ മാത്രം മരിച്ചത് 128 ഡോക്ടര്‍മരാണ്. 115 ഡോക്‌ടര്‍മാര്‍ മരിച്ച ബീഹാര്‍ രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ ജീവന്‍ നഷ്ടമായത് 24 പേര്‍ക്കാണ്. ഒന്നാം തരംഗത്തിന്‍റെ സമയത്ത് 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ 734 പേര്‍ മരിച്ചതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു.
അതേസമയം, വിവിധ രാജ്യങ്ങളില്‍ ഡോക്ടേഴ്സ് ദിനം വ്യത്യസ്ത തീയതികളിലാണ് ആചരിക്കുന്നത്.
إرسال تعليق