240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ സർക്കാർ ഉപേക്ഷിക്കുന്നു.

240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ സർക്കാർ ഉപേക്ഷിക്കുന്നു.


തിരു.: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 50 കോടിയോളം രൂപയുടെ ഗ്രാമീണ റോഡ് പദ്ധതികളാണിത്. സർക്കാർ നേരിട്ട് ഫണ്ടു നൽകുന്നതിനാൽ പഞ്ചായത്തുകളുടെ പദ്ധതിയിൽ നിന്നും ഈ റോഡുകളുടെ നിർമ്മാണം ഒഴിവാക്കിയിരുന്നു.
      തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ചെലവുകൾ കുറയ്ക്കാനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റോഡ് പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിനായി 1000 കോടിയുടെ 5296 റോഡ് പദ്ധതികൾക്ക് 2020 ഡിസംബർ 24നു ഭരണാനുമതി നൽകി. എന്നാൽ പലതിനും സാങ്കേതിക അനുമതി ലഭ്യമായിരുന്നില്ല. തുടർന്ന് പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്ത ശേഷം 2021 ജൂൺ നാലിനു തദ്ദേശഭരണമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക അനുമതി ലഭ്യമാകാത്ത പദ്ധതികൾ ഉപേക്ഷിക്കാൻ യോഗം തീരുമാനിച്ചു. വിവിധ കാരണങ്ങളാൽ നിർവഹണം അസാധ്യമെന്നും മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തിയെന്നും എന്നു ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. എന്നാൽ, പദ്ധതി തയാറാക്കിയപ്പോഴും ഭരണാനുമതി നൽകിയപ്പോഴും ഇക്കാര്യം പരിശോധിച്ചിരുന്നുവെന്നതാണ് വിചിത്രം.
     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ പഞ്ചായത്തുകളുടെ പദ്ധതിയിൽ നിന്നും ഇവയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇവ ഇനി ഉൾപ്പെടുത്താൻ കഴിയാത്തത് പഞ്ചായത്തുകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


Post a Comment

വളരെ പുതിയ വളരെ പഴയ