പ്രളയ സെസ് കുടിശികയായാൽ 18% പലിശ; ക്രൂരതയെന്ന് വ്യാപാരികൾ
ആലപ്പുഴ: കോവിഡ് കാലത്തു കട തുറന്നില്ലെങ്കിലും പ്രളയ സെസ് കുടിശികയായാൽ വ്യാപാരികൾ 18% പലിശ നൽകണം. ഇത്തരത്തിൽ പലിശ ഈടാക്കി തുടങ്ങി. സെസ് പിരിവ് ഈ മാസം അവസാനിക്കുമ്പോഴാണ് പലിശയിലൂടെയുള്ള ആഘാതം. സെസിലൂടെ സർക്കാർ ലക്ഷ്യമിട്ട തുക ലഭിച്ചു കഴിഞ്ഞിട്ടും പലിശ വാങ്ങുന്നത് ക്രൂരതയാണെന്നു വ്യാപാരികൾ.
ജിഎസ്ടി കണക്കുകൾ നൽകാൻ സമയം നീട്ടുകയും നികുതിത്തുകയ്ക്കു പലിശ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, വരുമാനം മുടങ്ങിയ വ്യാപാരികളിൽ നിന്നു പ്രളയ സെസിന്റെ പലിശ ഈടാക്കുന്നതിൽ സർക്കാർ ഇളവു നൽകിയില്ല. 2019 ഓഗസ്റ്റിലാണ് ഒരു ശതമാനം പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. അതനുസരിച്ച് സാധനങ്ങളുടെ വിലയിൽ വർദ്ധനയുണ്ടായി. സെസ് പിരിവ് അടുത്ത മാസം മുതൽ ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. 2 വർഷം കൊണ്ട് 2000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിട്ടത്. പിരിവിന്റെ ആദ്യ മാസം 100 കോടിയോളം രൂപ സർക്കാരിനു ലഭിക്കുകയും ചെയ്തു. ഈ തോതിൽ ഈ മാസത്തോടെ ലക്ഷ്യത്തിനപ്പുറം പണം സർക്കാരിനു കിട്ടുമെന്നാണ് നിഗമനം. അതു കാരണമാണ് സെസ് പിരിവ് നിർത്തുന്നത്.
സെസ് പിരിച്ചു ലഭിക്കുന്ന പണം പ്രളയ പുനർനിർമ്മാണത്തിന് ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, പ്രളയത്തെക്കാൾ വലിയ ദുരന്തമായി കോവിഡ് വ്യാപിച്ചപ്പോൾ അതുമൂലമുള്ള വ്യാപാരികളുടെ ദുരിതങ്ങൾ സർക്കാർ കാണുന്നില്ലെന്നു പരാതിയുണ്ട്. മേയ് 20നു മുൻപു നൽകേണ്ട ജിഎസ്ടി കണക്കുകൾ നൽകാൻ ജൂൺ 4 വരെ സമയം നീട്ടിയിരുന്നു. ജിഎസ്ടി തുകയ്ക്കു മേലുള്ള പലിശയിലും ഇളവു നൽകി.
അതേസമയം, പ്രളയ സെസിന്റെ കാര്യത്തിൽ മേയ് 20നു ശേഷമുള്ള കുടിശികയ്ക്ക് പലിശ ഈടാക്കി തുടങ്ങി. പലിശ കൂടി അടച്ചാലേ സെസിന്റെ കണക്കുകൾ ഫയൽ ചെയ്യാൻ കഴിയൂ. കോവിഡ് നിയന്ത്രണങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങളും ടാക്സ് പ്രാക്ടീഷനർ സ്ഥാപനങ്ങളും തുറക്കാൻ കഴിയാഞ്ഞിട്ടും പലിശ ഈടാക്കുന്ന ദ്രോഹം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. സർക്കാർ ലക്ഷ്യമിട്ടതിലേറെ പണം സെസ് ഇനത്തിൽ ലഭിച്ചു കഴിഞ്ഞു. പലിശയായി പിരിച്ച തുക തിരികെ നൽകുകയോ ഭാവിയിൽ ജിഎസ്ടി തുകയിൽ വകയിരുത്തുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ