നഴ്സുമാ൪ക്കും, കോവിഡ് ആരോഗ്യ പ്രവർത്തകർക്കും ആനുകൂല്യങ്ങൾ; കേന്ദ്രം കത്തയച്ചതായി പി. സി. തോമസ്.
നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ പ്രതിമാസ ശമ്പളവും, മെഡിക്കൽ, യാത്രാ, താമസം, അവധി, പ്രവർത്തി സമയം എന്നിവ സംബന്ധിച്ച ആനുകൂല്യങ്ങളും പ്രൈവറ്റ് ആശുപത്രികൾ ഉറപ്പാക്കണമെന്നതു സംബന്ധിച്ചു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകിയ കത്ത്, കേന്ദ്ര ആരോഗ്യ മന്ത്രാലയം തനിക്കും അയച്ചു തന്നതായി കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി. സി. തോമസ് അറിയിച്ചു.
നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കഴിഞ്ഞ മെയ് 21ന് കത്തയച്ചിരുന്നെന്നും, ആ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു ആരോഗ്യ മന്ത്രാലയത്തിന് അയച്ചു കൊടുത്തതിന് മറുപടിയായിട്ടാണ് വിശദമായ വിവരങ്ങൾ കാണിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറി തനിക്ക് കത്തയച്ചതെന്നും തോമസ് പറഞ്ഞു. കോവിഡ് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ വലിയ സേവനം അനുഷ്ഠിക്കുമ്പോൾ അവർക്ക് തക്കതായ രീതിയിലുള്ള അംഗീകാരവും ആനുകൂല്യങ്ങളും നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടു കൂടിയായിരുന്നു താൻ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളും അവരുടെ സേവനത്തിനു തക്കതായ അംഗീകാരവും നൽകണമെന്നാണ് കേന്ദ്രം അയച്ച കത്തിൽ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്. ആരോഗ്യ പ്രവർത്തനവും, പ്രവർത്തകരുടെ പ്രശ്നങ്ങൾ സംബന്ധിച്ചും സംസ്ഥാനങ്ങൾക്കാണ് അധികാരം എന്നതു കൊണ്ടാണ് ഈ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് അയക്കുന്നതെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്.
തനിക്ക് കിട്ടിയ കത്തും, സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച 18 നിർദ്ദേശങ്ങൾ അടങ്ങുന്ന കത്തും, മുഖ്യമന്ത്രിക്കും കേരള ആരോഗ്യ മന്ത്രിക്കും, ഇ-മെയിൽ ചെയ്തിട്ടുണ്ട്. കേന്ദ്ര നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ട ആനുകൂല്യങ്ങൾ ഉടൻ പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് കേരള സർക്കാരിനെ സമീപിച്ചിട്ടുള്ളത് എന്ന് തോമസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ