ഡോക്ടറെ മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യണം; പി. സി. തോമസ്
മാവേലിക്കരയിലെ ഒരു ഡോക്ടറെ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ആരോഗ്യപ്രവർത്തകരുടെ മേഖലയിൽ ശക്തമാകുന്നതു കൂടി കണക്കിലെടുക്കണമെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും, കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി. സി. തോമസ്.
ഈ ആവശ്യമുന്നയിച്ചു കൊണ്ട് ഏറെ ദിവസങ്ങൾക്കു മുമ്പ്, മുഖ്യമന്ത്രിക്ക് താ൯ കത്തയച്ചിരുന്നെന്നും, പ്രതിയെ സസ്പെൻഡു ചെയ്തതല്ലാതെ, അറസ്റ്റ് നടക്കുകയോ, കൂടുതൽ അന്വേഷണം നടത്തുകയോ ചെയ്യുന്നില്ലെന്ന് തോമസ് പറഞ്ഞു. പ്രതി സിപിഎംകാരൻ ആയതു കൊണ്ട് കുറച്ചു നാൾ സസ്പെൻഷനിൽ നർത്തിയ ശേഷം, പ്രമോഷനോടു കൂടി പിന്നെ തിരിച്ചെടുക്കുന്ന തന്ത്രം നന്നായറിയാവുന്ന സർക്കാർ ആണല്ലോ ഭരിക്കുന്നത് ? തോമസ് സൂചിപ്പിച്ചു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം കണ്ടു കൊണ്ട് ആരോഗ്യമന്ത്രി വീണാജോർജ് പ്രതിയെ അറസ്റ്റ് ചെയ്യിപ്പിക്കുന്നതിനു ശ്രമിച്ചെങ്കിലും, ഇന്നേവരെ നടന്നിട്ടില്ല. സിപിഎംകാർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും നൽകുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്.
ഡോക്ടർമാ൪ നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. ഇന്ന് അഖിലകേരള തലത്തിൽ നടക്കുന്ന അവരുടെ പ്രതിഷേധം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കും. മർദ്ദനമേറ്റ ഡോക്ടർ സർക്കാർ ജോലിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനത്തെ എല്ലാവരും ഈ കൊവിഡ് കാലത്ത് പ്രകീർത്തിക്കുമ്പോൾ, കേരള സർക്കാർ ഈ രീതിയിൽ പെരുമാറുന്നത് ഹീനമാണ് എന്നും, പ്രതിയെ ഉട൯ അറസ്റ്റ് ചെയ്യണമെന്നും തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ