ടാറിങിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കില്ല; ഉറപ്പ് നൽകി മന്ത്രി
ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ റോഡുകൾ കുത്തിപ്പൊളിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ടാറിങ്ങും പൈപ്പിടലും ഏകോപിപ്പിച്ച് നടപ്പിലാക്കാൻ വിവിധ വകുപ്പുകളുമായി ധാരണയായതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നദികളെ കുറിച്ച് സമ്പൂർണ്ണ പഠനം നടത്താനും തീരുമാനമായി.
കോടികൾ മുടക്കിയുള്ള ടാറിങ്ങിന് പിന്നാലെ റോഡുകൾ വെട്ടി പൊളിക്കുന്നത് സംസ്ഥാനത്ത് പതിവു കാഴ്ചയാണ്. വാട്ടർ അതോറിറ്റിയാണ് ഇതിൽ മുൻപന്തിയിൽ. ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതത്തിനപ്പുറം പൊതുഖജനാവിന് നഷ്ടം കോടികളാണ്. ഈ സർക്കാരിന്റെ കാലത്ത് ഇതിനൊരു അറുതി വരുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. പൊതുമരാമത്ത് വകുപ്പുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തി കഴിഞ്ഞു. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും സംസ്ഥാനത്തെ നദികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ സർക്കാരിനില്ല. നാലര പതിറ്റാണ്ട് മുമ്പ് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പല തീരുമാനങ്ങൾക്കും അടിസ്ഥാനം. ഇത് പര്യാപ്തമല്ലെന്ന തിരിച്ചറിവിലാണ് പുതിയ പഠനത്തിനുള്ള അനുമതി. വകുപ്പിലെ നിയമനങ്ങൾ സുതാര്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ