ഒരു ജീവൻ രക്ഷിക്കാനോടിയ വാഹനത്തിൽ : പൊലിഞ്ഞത് മൂന്നുജീവൻ

 


മുണ്ടയാട്: ഒരാളുടെ ജീവൻ രക്ഷിക്കാനോടിയതായിരുന്നു ആ ആംബുലൻസ്. പക്ഷേ അതിൽ മൂന്നുജീവൻ പൊലിയാനായിരുന്നു വിധി. തിങ്കളാഴ്ച പുലർച്ചെ മുണ്ടയാട് എളയാവൂർ അമ്പലം റോഡിനടുത്ത് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുതകർന്ന ആംബുലൻസ് കുതിച്ചുപാഞ്ഞത് ഓക്സിജൻ അളവ് തീരെ കുറഞ്ഞുപോയ ബിജോയെ കണ്ണൂർ ആസ്പത്രിയിലെത്തിക്കാനായിരുന്നു. കൂടെ ഭാര്യ റജീനയും സഹോദരൻ ബെന്നിയും. ഡ്രൈവറായി നിധിൻരാജും. ഇതിൽ ബെന്നി മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. രണ്ടുദിവസം മുമ്പ് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടാണെന്ന സംശയത്തിൽ വയറിന് അസ്വസ്ഥത അനുഭവപ്പെട്ട ബിജോ ഞായറാഴ്ച രാവിലെ പയ്യാവൂർ മേഴ്‌സി ആസ്പത്രിയിൽ ചെന്നിരുന്നു. ഡ്രിപ്പ് കൊടുത്ത് മറ്റ് ശുശ്രൂഷകളും ചെയ്തതോടെ നില മെച്ചപ്പെട്ട്‌ വീട്ടിലേക്ക് മടങ്ങി. വൈകിട്ട് വീണ്ടും സുഖമില്ലായ്മ തോന്നിയതുകൊണ്ട് വീണ്ടും ആസ്പത്രിയിൽ വന്നു.


കുട്ടികളെ തനിച്ചാക്കാൻ കഴിയാത്തതുകൊണ്ട് അവരെയും കൂട്ടിയിരുന്നു. മലയോരത്ത് എങ്ങും ഡെങ്കിപ്പനി പടരുന്ന കാലമായതുകൊണ്ട് ബിജോയ്ക്ക് അതിന്റെ പരിശോധന നടത്തി. ഫലം നെഗറ്റീവായിരുന്നു. പക്ഷേ രക്തത്തിൽ കൗണ്ട് കുറവായതിനാൽ രോഗമില്ലെന്ന് തീർത്തുപറയാൻ ആസ്പത്രിക്കാർക്ക് കഴിഞ്ഞില്ല. ഏതായാലും നില മെച്ചപ്പെട്ടു.


രാത്രി 12 മണിക്കും ഡോക്ടർ പരിശോധിച്ചിരുന്നു. പക്ഷേ രണ്ടുമണിയോടെ നില മോശമായിത്തുടങ്ങി. ഓക്സിജന്റെ അളവ് 82 എത്തി. 92 എങ്കിലും വേണ്ടതാണ്. ഡോക്ടർ കുതിച്ചെത്തി. ഇവിടെ പ്രയാസമായിരിക്കുമെന്ന് മനസ്സിലായതോടെ കണ്ണൂരിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് നിർദേശിച്ചു. കുട്ടികളെ ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. കണ്ണൂരിലേക്ക് കൂട്ടിനു പോകാൻ സഹോദരൻ ബെന്നി ഓടിപ്പാഞ്ഞെത്തി.



കൂടുതൽ വാർത്തകൾ വായിക്കാം 

പ്രാദേശിക വാർത്തകൾ 

ആംബുലൻസ് ആസ്പത്രിമുറ്റത്ത് സജ്ജമായിരുന്നു. പയ്യാവൂർ വാതിൽമട പട്ടികവർഗ കോളനിവാസികൾക്ക് അത്യാവശ്യത്തിന് ആസ്പത്രിയിലെത്താൻ ജില്ലാ ഗാന്ധി ശതാബ്ദിസ്മാരക സൊസൈറ്റിയുടെ സഹകരണത്തോടെ മഹാത്മാമന്ദിരം രണ്ടുവർഷം മുമ്പ് വാങ്ങിക്കൊടുത്തതായിരുന്നു ആംബുലൻസ്. സർവോദയ നേതാവായിരുന്ന ടി.വി.അനന്തന്റെ സ്മരണയ്ക്കായി മക്കളാണ് ഇതിനുള്ള തുക നൽകിയത്. ആചാര്യ വിനോഭ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിൽ സജീവമായിരുന്നു സ്വാതന്ത്ര്യസമര സേനാനി കൂടിയായ അനന്തൻ. വാതിൽമടയിൽ ഇങ്ങനെ കിട്ടിയ ഭൂമിയിൽ പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുത്തത് അദ്ദേഹമായിരുന്നു. ഈ ആംബുലൻസ് മേഴ്‌സി ആസ്പത്രിയുടെ മുന്നിലാണ് ഇട്ടിരുന്നത്.


പാതിരാത്രിയിൽ വിളിച്ചാലും ഓടിച്ചെല്ലുന്ന ഡ്രൈവർ നിധിൻ രാജ് വിവരം കിട്ടിയപ്പോൾത്തന്നെ എത്തി. ഓക്സിജൻ സിലിൻഡറുള്ള ആംബുലൻസാണ്. എങ്കിലും നെഞ്ചിൽ അമർത്തി ഓക്സിജൻ അളവ് കൂട്ടാനുള്ള മാർഗം റെജീനയെ പഠിപ്പിച്ചുകൊടുത്താണ് ആസ്പത്രിക്കാർ വിട്ടത്. ഇത്തരം രോഗികളെയുംകൊണ്ട് കണ്ണൂരിൽ പോകാറുള്ള നിധിൻ രാജ് അവിടെയെത്തിയ ശേഷമുള്ള സ്ഥിതി പയ്യാവൂർ ആസ്പത്രിയിൽ വിളിച്ചുപറയാറുള്ളതുമാണ്. നിശ്ചിതസമയം കഴിഞ്ഞിട്ടും ബന്ധപ്പെടാത്തതുകൊണ്ട് അങ്ങോട്ട് വിളിച്ചുനോക്കിയെങ്കിലും മറുപടിയില്ല. നേരംവെളുത്തപ്പഴേക്കും എത്തിയത് ദുരന്തവാർത്തയാണ്.


വിറങ്ങലിച്ച് നാട്


മുണ്ടയാട് : തിങ്കളാഴ്ച പുലർച്ചെ ഇരിട്ടി ഭാഗത്തേക്കുള്ള മാതൃഭൂമി പത്രം എത്തിച്ചശേഷം തിരികെ വരികയായിരുന്നു അലവിൽ സ്വദേശി പി.എം. വിജേഷ്. വാരം ഭാഗത്തുവെച്ച് പിന്നാലെ ആംബുലൻസ് പാഞ്ഞുവരുന്നതു കണ്ട് അദ്ദേഹത്തിന്റെ വാഹനം വഴി ഒഴിഞ്ഞുകൊടുത്തു. പിറകെ വന്ന വിജേഷ് മുണ്ടയാട് എത്തിയപ്പോൾ കാണുന്നത് വഴിയിൽ പതിവില്ലാതെ ആളുകൂടിയിരിക്കുന്നതാണ്. തന്റെ തൊട്ടുമുമ്പിൽ കടന്നുപോയ ആംബുലൻസ് വലതുവശം ഉയർന്ന് മരത്തിലിടിച്ച് നിൽക്കുന്നു.


പെട്ടെന്ന് ചാടിയിറങ്ങി. ആംബുലൻസിന്റെ പിൻഭാഗത്തെ വിൻഡോയിൽ പുറത്തേക്ക് പാതി തള്ളിനിൽക്കുന്ന ഒരാളെകാണാം. അനക്കമുണ്ട്. അത് ബെന്നിയായിരുന്നു. മറ്റൊരു വിൻഡോയിലൂടെ വേറെ രണ്ടുപേർ പുറത്തേക്ക് തള്ളിനിൽക്കുന്നു. അവർ നിശ്ചലരാണ്- ദമ്പതിമാരായ റെജീനയും ബിജോയും. നാട്ടുകാർക്കൊപ്പം ചേർന്ന് ബെന്നിയെ പതിയെ പുറത്തെടുത്തു. കാൽമുട്ട് അനക്കാൻ കഴിയാത്ത നിലയിലാണ് ഇദ്ദേഹം. അപ്പോഴേക്കും കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. അവർ റെജീനയെ പുറത്തെടുത്തു. അതുകഴിഞ്ഞ് വണ്ടി വടംകെട്ടി വലിച്ച് നേരെയാക്കി. എന്നിട്ടാണ് ബിജോയെ പുറത്തെടുത്തത്. ഡ്രൈവർ സീറ്റിൽ അമർന്നുപോയ നിധിൻരാജിനെ എടുക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ഏറെ പണിപ്പെടേണ്ടിവന്നു-വിജേഷ് ഓർക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ പലരും എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുകയായിരുന്നു. കോവിഡ് ഭീതിയും ആളുകളെ അകറ്റിനിർത്താൻ ഇടയാക്കി.


ബെസ്റ്റ് ബോംബെ ഹോട്ടലിന് അടുത്ത് ഒരു വീട്ടിലേക്കുള്ള വഴിക്ക് കുറുകെയാണ് ആംബുലൻസ് ഇടിച്ചുനിന്നത്. ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഹോട്ടലുകാരൻ പിന്നിലെ മുറിയിൽ ഉറങ്ങുകയായിരുന്നു. പോലീസ് വന്ന് വിളിച്ചുണർത്തുകയായിരുന്നു.


വാഹനത്തിൽ ഡ്രൈവറുടെ ഭാഗത്തെ മേൽഭാഗം അമർന്ന് നിധിൻ രാജിന്റെ വയറിനോളം എത്തിയിരുന്നു. ഗ്യാസ് കട്ടർകൊണ്ട് മേൽക്കൂര ഭാഗികമായി മുറിച്ചുമാറ്റിയ ശേഷമാണ് പുറത്തെടുക്കാനായത്. ആംബുലൻസിന്റെ ഒരുഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു. അടിയിൽ ഓക്‌സിജൻ സിലിൻഡർ കിടന്നിരുന്നു. അകത്ത് പലഭാഗത്തും ചോരക്കറ. മുൻപിലെ ഡാഷ് ബോർഡിൽ ഒരു സ്പ്രിങ് പാവ മാത്രം ചലിച്ചുകൊണ്ടിരുന്നു. ബാക്കിയെല്ലാം നിശ്ചലമായിരുന്നു. സ്റ്റീരിയോയും മറ്റും വെച്ചിട്ടുള്ള ഭാഗം തകർന്ന് ഡ്രൈവറുടെ സീറ്റിലേക്ക് കിടന്നു. ഒരുഭാഗത്ത് ഫ്‌ളാസ്‌കും മറ്റും അടങ്ങിയ സഞ്ചി. മറ്റൊരുഭാഗത്ത് ബെഡ് ഷീറ്റും മറ്റു ചെറിയ തുണികളും. ആസ്പത്രിയിൽ പോകുമ്പോൾ എല്ലാവരും കരുതുന്നവ. ബോണറ്റിന് മാത്രം കാര്യമായ പരിക്കുണ്ടായിരുന്നില്ല. വാഹനം റോഡിൽനിന്ന് ചെരിഞ്ഞ് വന്നതുകൊണ്ട് മരത്തിൽ ഡാഷ് ബോർഡ് ഇടിച്ചില്ല. പകരം ഡ്രൈവറുടെ ഭാഗം നേരിട്ട് ഇടിക്കുകയായിരുന്നു.


കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിൽ നേരിയ വളവുള്ള മുണ്ടയാട്-എളയാവൂർ അമ്പലം റോഡ് ഭാഗത്തായിരുന്നു അപകടം. രണ്ടുമാസമായി കലുങ്ക് നിർമാണം നടക്കുന്നതുകൊണ്ട് ഈ വളവ് അൽപം കൂടി. മട്ടന്നൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇടതുഭാഗം ചേർന്നാണ് പോകേണ്ടതെങ്കിലും കലുങ്ക് പണി കാരണം വലതുഭാഗം ചേർന്നാണ് പോയിരുന്നത്. ഇതിലെ കടക്കുമ്പോൾ എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുന്നത് ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് ആംബുലൻസ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നീങ്ങിയതെന്ന് കരുതുന്നു. റോഡിൽ ടയർ ഉരഞ്ഞതിന്റെ പാട് പത്തുമീറ്റർ നീളത്തിലെങ്കിലും കാണാമായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ