തിരുവനന്തപുരം ∙ പാർട്ടി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റിയോഗം ശനിയാഴ്ച കൊച്ചിയിൽ ചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ പങ്കെടുക്കും. കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനിക്കും. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലേക്കും പൊലീസ് എത്തുന്നു എന്നതുകൊണ്ട് അതിശക്തമായ പ്രതിരോധം തീർക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ചിന്ത.
ഇക്കാര്യത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നും, കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർമാരുടെ ഉദ്ദേശ്യം ബിജെപിയെ അപകീർത്തിപ്പെടുത്തുക എന്നതാണെന്നും അത് തുറന്നു കാട്ടണമെന്നുമാണു നേതാക്കൾക്കിടയിലെ ധാരണ. ഇപ്പോൾ ഉരുണ്ടുകൂടിയ പ്രതിസന്ധി നേരിടാൻ കെ.സുരേന്ദ്രനും ഒപ്പം നിൽക്കുന്നവരും മാത്രമാണ് രംഗത്തിറങ്ങിയത്.
പി.കെ.കൃഷ്ണദാസും എം.ടി.രമേശും എ.എൻ.രാധാകൃഷ്ണനുമടങ്ങുന്ന മറുചേരി കൃത്യമായ മൗനത്തിലുമാണ്. നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ചില നേതാക്കൾ ഒരുങ്ങുകയും ചെയ്യുന്നു. എന്നാൽ ഗ്രൂപ്പ് വൈരം മാറ്റിവച്ച് പാർട്ടിയെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഇപ്പോഴത്തെ ചുമതലക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
കെ.സുരേന്ദ്രൻ പ്രസിഡന്റ് പദത്തിലെത്തിയ ശേഷം മറുവിഭാഗത്തെ പൂർണമായും അവഗണിച്ചാണ് പോയതെന്നും തൊട്ടുമുൻപുള്ള സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടെ എല്ലാവരും പാർട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന സ്ഥിതിയിലുമാണെന്ന് ഒരു കൂട്ടം നേതാക്കൾക്ക് പരാതിയുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളെ കൂട്ടുപിടിച്ച് ഇൗ നേതാക്കളുടെ സംഘം സുരേന്ദ്രൻ പക്ഷത്തിനെതിരെ തിരിയുകയും ചെയ്യുന്നു.
‘ഉപ്പു തിന്നവൻ വെള്ളം കുടിക്കും’; കുഴൽപണ കേസിൽ സി.കെ. പത്മനാഭൻ
TOP NEWS
‘ഉപ്പു തിന്നവൻ വെള്ളം കുടിക്കും’; കുഴൽപണ കേസിൽ സി.കെ. പത്മനാഭൻ
സുരേന്ദ്രനെതിരെ തുടരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടിക്കുള്ളിൽനിന്നും സഹായമെത്തുന്നുവെന്ന അപകടവും സംസ്ഥാന നേതൃത്വം മണക്കുന്നു. കോർകമ്മിറ്റി യോഗത്തിൽ പാർട്ടി ഇപ്പോൾ നേരിടുന്ന ആരോപണങ്ങളുടെ നിജസ്ഥിതി സുരേന്ദ്രനും നേതാക്കളും കൃത്യമായി വിവരിക്കേണ്ടി വരും. പ്രഭാരി സി.പി.രാധാകൃഷ്ണൻ ഇൗ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
കേസ് ഇഡി ഏറ്റെടുത്തേക്കും
കൊടകര കുഴൽപണക്കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റെടുത്തേക്കും. പ്രാഥമികമായി ഇഡി നടത്തിയ അന്വേഷണത്തിൽ ഇപ്പോഴത്തെ നിലയിൽ കേസ് ഹവാല ഗണത്തിൽ വരില്ല. മറ്റൊരു രാജ്യത്തിലേക്കു പണം കടത്തുമ്പോഴാണ് ഹവാല ഗണത്തിൽ വരുക. കള്ളപ്പണം കടത്തിയതും കവർച്ചയും നടന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വിശകലനം.
ഹൈക്കോടതി ചോദിച്ചതുകൊണ്ട് ഉടൻ റിപ്പോർട്ടു നൽകിയശേഷം കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ഇഡി ആലോചിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടർ അവധിയിലായതിനാൽ അദ്ദേഹം എത്തിയ ശേഷമാകും നടപടികൾ. കേസിൽ സംസ്ഥാന പൊലീസിന് അധികം മുന്നോട്ടു പോകാനാകില്ലെങ്കിലും പരമാവധി പ്രതിച്ഛായ തകർക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും വിലയിരുത്തൽ.
ഇഡി ഏറ്റെടുക്കുകയാണെങ്കിൽ കേസ് അന്വേഷണത്തിൽ എന്തെങ്കിലും അമാന്തം കാണിച്ചാൽ ഇഡി പക്ഷപാതം കാണിക്കുന്നുവെന്നും വിശ്വാസ്യത നഷ്ടമായെന്നുമുള്ള രാഷ്ട്രീയ ആരോപണത്തിലേക്ക് സിപിഎമ്മും സർക്കാരും തിരിയുകയും ചെയ്യും. സംസ്ഥാന സർക്കാരിനെതിരെ ഇഡി നടത്തുന്ന കേസുകളെ ഇതിൽ പ്രതിരോധിക്കാനും സിപിഎമ്മിനു സാധിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ