ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത, വിദേശ നിർമിത മദ്യം ഹോം ഡെലിവറിയായി നൽകാൻ എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തി ഡൽഹി സർക്കാർ. മൊബൈൽ ആപ്പിലൂടെയും ഓൺലൈൻ വെബ് പോർട്ടലിലൂടെയും മദ്യത്തിന് ഓർഡർ നൽകി വാങ്ങാനാണ് അനുമതി. ഇത്തരത്തിൽ നൽകുന്ന ഓർഡറുകളാകും ഹോം ഡെലിവറിയായി നൽകുക. ഓഫിസ്, മറ്റ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് ഇത്തരത്തിൽ മദ്യം ഡെലിവറി ചെയ്യാനാകില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
എൽ–13 ലൈസൻസ് ഉളള സ്ഥാപനങ്ങൾക്കാണ് ഹോം ഡെലിവറി നൽകാൻ അനുമതി. ഈ ലൈസൻസ് ഉള്ള റസ്റ്ററന്റുകൾ, ക്ലബുകൾ, ബാറുകൾ തുടങ്ങിയവയ്ക്ക് ടെറസ്, ബാൽക്കണി തുടങ്ങിയ തുറന്ന ഇടങ്ങളിൽ മദ്യം വിളമ്പുന്നതിൽ തടസമില്ലെന്നും പുതുക്കിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. നിശ്ചിത ഇടങ്ങൾക്ക് പുറത്തേക്ക് മദ്യം കൊണ്ടു പോകാൻ ഉപഭോക്താക്കളെ അനുവദിക്കരുതെന്നു മാത്രം.
ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയും കൂട്ടി - Read More
2010 ലെ എക്സൈസ് നിയമത്തിൽ ഹോം ഡെലിവറിക്ക് ഡൽഹിയിൽ അനുമതി നൽകിയിരുന്നെങ്കിലും അത് കാര്യമായി പ്രയോഗത്തിൽ വന്നിരുന്നില്ല. ടെലിഫോൺ ഒഴികെ ഫാക്സ്, ഇ–മെയിൽ എന്നിവയിലൂടെ ഹോം ഡെലിവറിയാകാം എന്നായിരുന്നു അന്നത്തെ നിയമത്തിൽ വ്യക്തമാക്കിയിരുന്നത്. ഡൽഹി എക്സൈസ് (ഭേദഗതി) നിയമം 2021 എന്ന ഭേദഗതിയിലൂടെയാണ് മൊബൈൽ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും ഹോം ഡെലിവറിക്ക് ചട്ടങ്ങൾ അനുവദിച്ച് ഉത്തരവായത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യത്തിലാണ് ഹോം ഡെലിവറിക്ക് അനുമതി നൽകിയത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 648 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,26,240 ആയി.
മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഹോം ഡെലിവറിയായി മദ്യമെത്തിക്കാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ മദ്യം നൽകാൻ ഹോം ഡെലിവറി സൗകര്യം നടപ്പാക്കാമെന്ന് കഴിഞ്ഞവർഷം സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു. മദ്യത്തിനായി മദ്യശാലകൾക്ക് മുന്നിൽ ഉണ്ടാകുന്ന തിരക്കിന്റെ ദൃശ്യങ്ങൾ പരിഗണിച്ചായിരുന്നു ഇത്. മദ്യത്തിനായുളള വൈൻ ഷാപ്പുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാൻ 70 ശതമാനം പ്രത്യേക നികുതിയും ഡൽഹി സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.

إرسال تعليق