പത്തനംതിട്ടയില്‍ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നാളെ

പത്തനംതിട്ടയില്‍ 45 വയസിന് മുകളിലുള്ള 
ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നാളെ 
പത്തനംതിട്ട ജില്ലയിലെ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ (ജൂണ്‍ 15 ചൊവ്വ) നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ താഴത്തെ നിലയിലായിരിക്കണം സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന് എത്തുന്നവരെ ഏകോപിപ്പിക്കുന്നതിനായി അതത് പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരുടെ സഹായം ഉണ്ടാകും. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ്, പഞ്ചായത്ത് എന്നിങ്ങനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. 18 മുതല്‍ 44 വരെയുള്ള ഭിന്നശേഷിക്കാര്‍ക്കായി മറ്റൊരു ദിവസം വാക്‌സിനേഷന്‍ സജീകരിക്കുമെന്നും ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
        പ്രമാടം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്നത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു മൂലമാണെന്നും അവ നിയന്ത്രിക്കുന്നതിനായി പോലീസിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. 
       റാന്നി - കൊല്ലമുളയില്‍ മുമ്പുണ്ടായ ഉരുള്‍പൊട്ടലിലെ പാറകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ യോഗം നിര്‍ദ്ദേശിച്ചു. 15 കുടുംബങ്ങളിലെ 45 പേരെ ബാധിക്കുന്ന ഈ പാറകള്‍ ഉടന്‍ പൊട്ടിച്ച് മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

Post a Comment

വളരെ പുതിയ വളരെ പഴയ