രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല, മുന്നണി വിടാനുമില്ല; അവധിയെപ്പറ്റി ഷിബു

 



കൊല്ലം ∙ പാർട്ടിയിൽനിന്ന് അവധിയെടുത്തതിൽ വിശദീകരണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. അവധിക്ക് അപേക്ഷിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അപേക്ഷിച്ചത്. രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല. ചവറയിലെ തോല്‍വി രാഷ്ട്രീയ കാരണങ്ങളാലല്ല. സാമുദായിക പ്രശ്നങ്ങളുണ്ട്. യുഡിഎഫ് തീരുമാനങ്ങള്‍ വൈകുന്നു. കോണ്‍ഗ്രസ് ശൈലി തിരുത്തണമെന്നും ഷിബു പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷമാകുന്നു എന്നാണു റിപ്പോർട്ട്. തുടര്‍ച്ചയായി രണ്ടാംവട്ടം ചവറയില്‍ തോറ്റതിനു പിന്നാലെയാണു ഷിബു പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത്. ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര്‍എസ്പി (ബി) നേതാക്കളുടെ വികാരം. യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല.

ആര്‍എസ്പിയുടെ കോട്ടയെന്നവകാശപ്പെടുന്ന ചവറയില്‍ വി.പി.രാമകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ചാണ് 2001ല്‍ ഷിബു ആദ്യമായി നിയമസഭയിലെത്തിയത്. രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ എന്‍.കെ.പ്രേമചന്ദ്രനോട് തോറ്റു. 2011ല്‍ പ്രേമചന്ദ്രനെ വീഴ്ത്തി വീണ്ടും സഭയിലെത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി.


എന്നാല്‍ ഇരു ആര്‍എസ്പികളും ലയിച്ച നടന്ന രണ്ടു നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും കിട്ടിയില്ല. ചവറയിലെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയെന്ന് അനുയായികള്‍ പറയുന്നു.



പാര്‍ട്ടിയിലും മുന്നണിയിലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവവും ഉണ്ട്. ആയുര്‍വേദ ചികിത്സയ്ക്കായി ഏതാനും മാസങ്ങള്‍ സജീവ പ്രവര്‍ത്തനത്തിനില്ലെന്ന് ഷിബു പാര്‍ട്ടിയെ അറിയിച്ചു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യുഡിഎഫ് യോഗത്തില്‍ ഷിബു പങ്കെടുക്കാതിരുന്നത് അതൃപ്തി മൂലമാണെന്നാണു സൂചന.

Post a Comment

أحدث أقدم